malinyam

വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചേന്നൻപാറ, ചായം വാർ‌‌‌ഡുകളുടെ പരിധിയിൽപ്പെടുന്ന ചാരുപാറ, പേരയത്തുപാറ മേഖലകളിലാണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്.

ആര്യനാട്, പാലോട്, നന്ദിയോട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകുന്നതിനായി ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാനറോഡാണ് ചായം ചാരുപാററോഡ്.

ഇറച്ചി വില്പനശാലകളിൽ നിന്നുള്ള വേസ്റ്റുകൾ ചാക്കിൽനിറച്ച് വാഹനങ്ങളിൽ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷപിക്കുക പതിവാണ്. വീടുകളിൽ നിന്നുള്ള മാലിന്യവും കൊണ്ടിടുന്നുണ്ട്. ഇറച്ചി വേസ്റ്റുകൾ കാക്കകളും മറ്റും കൊത്തിവലിച്ച് സമീപ വീടുകളിലും കിണറുകളിലും കൊണ്ടിടുന്നുണ്ട്.
മൂക്കുംപൊത്തിയാണ് ചാരുപാറ റോഡിലൂടെ യാത്രക്കാർ നടക്കുന്നത്. ഇത് സംബന്ധിച്ച് ചാരുപാറ, പേരയത്തുപാറ നിവാസികൾ പരാതികൾ നൽകിയെങ്കിലും നടപടിയായില്ല.

എം.ജി.എം സ്കൂൾ പരിസരത്തും

ചാരുപാറ റോഡിലാണ് വിതുര എം.ജി.എം സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന് മുന്നിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാലിന്യംകെട്ടിക്കിടന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതുമൂലം വിദ്യാർത്ഥികളും ജീവനക്കാരും ബുദ്ധിമുട്ടിലാണ്. മാലിന്യനിക്ഷേപത്തിന് തടയിടണമെന്നാവശ്യപ്പെട്ട് സ്കൂൾ മേധാവികൾ അനവധി തവണ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പരാതി നൽകിയിരുന്നു.

പന്നി, പട്ടി ശല്യവും രൂക്ഷമാകുന്നു

മാലിന്യം കഴിക്കാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വഴിപോക്കരേയും സ്കൂളിലും കയറിവരെ ഇവ ആക്രമിക്കുന്നുണ്ട്. കൂടാതെ ചാരുപാറ മേഖലയിൽ പന്നിശല്യവും വർദ്ധിച്ചിട്ടുണ്ട്. പന്നിയുടേയും, പട്ടിയുടേയും ശല്യം നിമിത്തം രാത്രിയിൽ വഴി നടക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.