cinema

സ്‌മാർത്ത വിചാരങ്ങളിലാണല്ലോ മൂടിവയ്‌ക്കപ്പെട്ട സത്യങ്ങൾ പുറത്തുവരിക. അതു പലപ്പോഴും അപ്രിയ സത്യങ്ങളായിരിക്കും. അതിനാൽത്തന്നെ അത് പുറത്തുപറയാൻ ആരും സാധാരണഗതിയിൽ തയ്യാറാകില്ല. മലയാള ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് അഞ്ചു വർഷത്തോളമായി. ഒടുവിൽ വിവരാവകാശ കമ്മിഷന്റെ ഇടപെടൽ വേണ്ടിവന്നു,​ ഇത് വെളിച്ചം കാണാൻ. അതും,​ 296 പേജുള്ള റിപ്പോർട്ടിലെ 60 പേജുകൾ പുറത്തുവിട്ടിട്ടില്ല. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വർഷങ്ങളായി അറിയാവുന്ന കാര്യങ്ങാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരുപക്ഷേ,​ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലാത്തതിൽ കൂടുതൽ കാര്യങ്ങൾ അറിയാവുന്നവരും ഈ രംഗത്തുണ്ട്. അവർ അത് പുറത്തു പറയാത്തതിനു കാരണം നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ഭയത്താലാണ്.

എന്നാൽ,​ സിനിമാരംഗത്ത് ഇത്രയും മോശപ്പെട്ട കാര്യങ്ങൾ നടക്കുന്നുവെന്ന് സാധാരണ ജനങ്ങൾ തിരിച്ചറിയാൻ ഇടയാക്കി എന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. ജനങ്ങൾ സത്യങ്ങൾ അറിയുമ്പോൾ അനീതികൾ പരിഹരിക്കപ്പെടാനുള്ള നിയമപരവും അല്ലാതെയുമുള്ള വഴികൾ തെളിഞ്ഞുവരും. അതാണിനി അധികാരപ്പെട്ട സ്ഥാനങ്ങളുടെയും സിനിമാ സംഘടനാ ഭാരവാഹികളുടെയും മറ്റും ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. മലയാള സിനിമാ രംഗത്തു മാത്രമല്ല,​ സ്‌ത്രീകൾക്ക് വലിയ അഭിപ്രായ സ്വാതന്ത്ര്യ‌വും അവകാശങ്ങളുമുള്ള ഹോളിവുഡിൽപ്പോലും കാസ്റ്റിംഗ് കൗച്ചും മറ്റും നിലനിന്നിരുന്നത് 'മീ ടു"വിലൂടെയും മറ്റും പുറത്തുവന്നിട്ടുള്ളതാണ്. ചില പ്രമുഖർ അഴിക്കുള്ളിൽ പോകാനും ഇതിടയാക്കി. ഇവിടെ അങ്ങനെയൊന്നും ആരും പ്രതീക്ഷിക്കേണ്ട കാര്യമില്ല.

'സ്ത്രീകൾ സിനിമയിൽ വരുന്നത് പണമുണ്ടാക്കാനാണെന്നും അതിനാൽ അവർ എന്തിനും വഴങ്ങുമെന്നുമൊരു പൊതു ധാരണയുണ്ട്. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശംകൊണ്ടും ഒരു സ്‌ത്രീ ഈ രംഗത്തേക്കു വരുമെന്ന് സങ്കൽപ്പിക്കാൻ പോലും സിനിമയിലെ പുരുഷന്മാർക്ക് സാധിക്കുന്നില്ല." റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഈ വാചകങ്ങൾ സമൂഹത്തിനാകെ ലജ്ജാകരമാണ്. സ്‌ത്രീകളെ ചൂഷണം ചെയ്യുന്നവരിൽ നിർമ്മാതാക്കളും പ്രമുഖ നടന്മാരും മാത്രമല്ല, പ്രൊഡക്ഷൻ കൺട്രോളർമാർ വരെയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗ്ളാമറും സാമ്പത്തിക വരുമാനവും മൂല്യങ്ങളുടെ വില കുറയ്ക്കാൻ പലപ്പോഴും ഇടയാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ലൈംഗികമായ പീഡനങ്ങൾക്കപ്പുറം സ്‌ത്രീകൾ നേരിടുന്ന മറ്റു പല വിവേചനങ്ങളും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്‌ത്രം മാറാനും മറ്റും സ്ഥലമില്ലാതിരിക്കുക, സുരക്ഷിതമല്ലാത്ത വാസകേന്ദ്രങ്ങളിൽ താമസിപ്പിക്കുക, കുറഞ്ഞ വേതനം നൽകുക തുടങ്ങിയ കാര്യങ്ങൾ സിനിമാ സംഘടനകൾക്ക് നേതൃത്വം നൽകുന്നവർ മുൻകൈയെടുത്ത് പരിഹരിക്കേണ്ടതാണ്.

അതുപോലെ തന്നെ കമ്മിഷന്റെ ശുപാർശകൾ താമസംവിനാ നടപ്പാക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. 2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2019-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ഇത്രയും നാൾ സർക്കാർ മൂടിവച്ചത് ആരെ സംരക്ഷിക്കാനാണ് എന്ന ചോദ്യം അവശേഷിക്കുകയാണ്. പുറത്തുവിടാത്ത പേജുകളിൽ എന്തെല്ലാമാണ് ഉള്ളതെന്ന് സർക്കാരിനു മാത്രമേ അറിയാവൂ. സ്വകാര്യത മാനിക്കാനാണ് ഈ ഭാഗങ്ങൾ പുറത്തുവിടാത്തത് എന്നാണ് പറയുന്നത്. പേരുകൾ ഒഴിവാക്കി റിപ്പോർട്ടിലെ ആരോപണങ്ങളുടെ ഉള്ളടക്കം പുറത്തുവിടേണ്ടതാണ്. വിവരങ്ങൾ പുറത്തുവന്നാലേ പരിഹാര മാർഗങ്ങൾ ഉരുത്തിരിഞ്ഞു വരികയുള്ളൂ. ആരാധകപ്പടയുടെ സൈബർ ആക്രമണം എന്തുവിലകൊടുത്തും തടയപ്പെടേണ്ടതാണ്. പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. വിലക്ക് ഏർപ്പെടുത്തുന്ന സിനിമാ സംഘടനകളുടെ രീതിയും കാലഹരണപ്പെട്ടതും ഏകാധിപത്യ സ്വഭാവമുള്ളതും ആകയാൽ അക്കാര്യത്തിലും ആത്മപരിശോധന ആവശ്യമാണ്.