തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ ചികിത്സയ‌്ക്കെത്തുന്ന ഗർഭിണികൾക്ക് ഡോക്ടറെ കാണാൻ സഹിക്കേണ്ടത് പ്രസവവേദനയെക്കാൾ വലിയ 'വേദന'. ഡോക്ടറെ കാണാൻ ടോക്കൺ എടുക്കുന്നതു മുതൽ കാണുന്നതുവരെയുള്ള ദുരിതം ചെറുതൊന്നുമല്ല. രാവിലെ 8 മുതലാണ് ഗൈനക്കോളജി ഒ.പിയിലേക്ക് ടോക്കൺ നൽകുന്നത്.എന്നാൽ 6.30 മുതൽ തന്നെ ഇവിടെ ഗർഭിണികളും കൂട്ടിരിപ്പുകാരും വരിനിൽക്കുന്നുണ്ടാവും. ടോക്കൺ കിട്ടിയാലും ഡോക്ടറെ കാണണമെങ്കിൽ വീണ്ടും ഏറെസമയം കാത്തുനിൽക്കണം.
കാത്തുനിന്ന് കാൽ കുഴയും
പ്രതിദിനം മുന്നൂറിലേറെ ഗർഭിണികളാണ് തൈക്കാട് ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിലെത്തുന്നത്. എന്നാൽ, ശാരീരികാസ്വസ്ഥതകളുള്ള ഗർഭിണികൾക്ക് ഇരിക്കാനായി ഇവിടെ ആകെയുള്ളത് 40 കസേരകൾ മാത്രം. ഒപ്പമുള്ളയാൾ ക്യൂവിൽ നിന്നാലും ഗർഭിണികൾക്ക് എല്ലാവർക്കും ഇരിക്കാൻ കസേര കിട്ടില്ല. ഇരിക്കണമെങ്കിൽ പുറത്തെ വരാന്തയെ ആശ്രയിക്കണം.
ടോക്കൺ ഡിസ‌്‌പ്ളേ ബോർഡില്ല
ടോക്കൺ കൃത്യമായി നൽകുമെങ്കിലും ഡോക്ടറെ കാണാൻ ഇതൊന്നും പാലിക്കപ്പെടാറില്ല. ഏതാനും പേരെ മാത്രമാണ് ടോക്കൺ അനുസരിച്ച് കയറ്റിവിടുന്നത്. ടോക്കൺ വിളിച്ച് രോഗികളെ ഡോക്ടറുടെ അടുത്തേക്ക് വിടേണ്ട ജീവനക്കാരെ കുറച്ചുനേരത്തിനുശേഷം കാണാതാവും. ടോക്കൺ ഡിസ്‌പ്ളേ സംവിധാനമില്ലാത്തതിനാൽ രോഗികൾ ക്രമം തെറ്റിച്ച് ഡോക്ടറുടെ മുറിയിലേക്ക് കയറും.ഇത് പലപ്പോഴും രോഗികളും കൂടെയുള്ളവരും തമ്മിൽ വാക്കുതർക്കങ്ങൾക്ക് ഇടയാക്കും.