തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം കമ്പ്യൂട്ടറുകൾക്കായി സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടായ (ഒ.എസ് സ്യൂട്ട്) 'കൈറ്റ് ഗ്നു ലിനക്സ്" 22.04 തയ്യാറാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) ഓപ്പറേറ്റിംഗ് സിസ്റ്റം ഒരുക്കിയത്. 23ന് രാവിലെ 10.30ന് എറണാകുളം കൈറ്റ് കേന്ദ്രത്തിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം നിർവഹിക്കും.
വീട്ടിലെ കമ്പ്യൂട്ടർ, സർക്കാർ ഓഫീസുകൾ, ഡി.ടി.പി സെന്ററുകൾ, പത്രസ്ഥാപനങ്ങൾ, സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ, എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർക്കും സൗജന്യമായി ഉപയോഗിക്കാനാകും. പാഠപുസ്തകങ്ങളിലെ ജികോമ്പ്രിസ്, ടക്സ്‌പെയിന്റ്, പിക്‌റ്റേബ്ലോക്‌സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്നി ടക്സ്, എജുആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബർഓഫീസ് പക്കേജ്, കളർപെയിന്റ്, സ്‌ക്രാച്ച്, ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകളും ലഭ്യമാണ്. നിർമിതബുദ്ധി, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർവിഷൻ എന്നിവയുടെ ടൂളുകളുമുണ്ട്.
ഇ-ബുക്ക് റീഡർ, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ, ലാടെക് എഡിറ്റർ, ഗ്രാഫിക്സ് ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റെക്കാഡിംഗ് വീഡിയോ എഡിറ്റിംഗ് ത്രിഡി അനിമേഷൻ പാക്കേജുകൾ, സ്‌ക്രീൻ റെക്കാഡിംഗ് ബ്രോഡ് കാസ്റ്റർ ടൂളുകൾ, പ്രോഗ്രാമിംഗിനുള്ള ഐ.ഡി.ഇകൾ, ഡാറ്റബേസ് സർവറുകൾ, ഡാറ്റബേസ് ആപ്ലിക്കേഷനുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. kite.kerala.gov.inൽ നിന്ന് 23 മുതൽ ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.