തിരുവനന്തപുരം: ഓസ്ട്രിയ ഉൾപ്പെടെയുള്ള യൂറോപ്പിലെ ജർമ്മൻ ഭാഷാ മേഖലകളിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളുമായും ഐടി, ഐടി ഇതര കമ്പനികളുമായും തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഓസ്ട്രിയൻ ട്രേഡ് കമ്മീഷണറും കൊമേഴ്സ്യൽ കൗൺസിലറുമായ ഹാൻസ് ജോർഗ് ഹോർട്നാഗൽ. ടെക്‌നോപാർക്ക് സന്ദർശന വേളയിൽ ഉദ്യോഗസ്ഥരുമായും ജി.ടെക്, കെ.എസ് .യു.എം, ഐ.സി.ടി അക്കാഡമി പ്രതിനിധികളുമായും സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ഐടി, ഐടി ഇതര സേവനങ്ങളിൽ ഓസ്ട്രിയയുടെ മികച്ച പങ്കാളിയാകാൻ ഇന്ത്യക്ക് കഴിയുമെന്നും ഒന്നര വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള നാല് സ്റ്റാർട്ടപ്പ് പ്രതിനിധി സംഘങ്ങൾ ഓസ്ട്രിയ സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വിയന്ന സർവകലാശാലയിൽ ഒരു സ്റ്റാർട്ടപ്പ് ഹബ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ടി അക്കാഡമി കേരള സി.ഇ.ഒ മുരളീധരൻ മണ്ണിങ്ങൽ, സംസ്ഥാന സർക്കാരിന്റെ ഐ.ടി ഫെലോമാരായ വിഷ്ണു വി നായർ, ഭാമിനി, ദിവ്യ, പ്രജീത് പ്രഭാകരൻ, ജിടെക് സി.ഇ.ഒ ഈപ്പൻ ടോണി, ജിടെക് ബിസിനസ് ഫോക്കസ് ഗ്രൂപ്പിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.