കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ രാത്രികാലങ്ങളിൽ എല്ലായിടത്തും വെളിച്ചമില്ല. രണ്ടും മൂന്നും പ്ലാറ്റ്ഫോം ഉൾപ്പെടുന്ന സ്ഥലത്ത് തെക്കും വടക്കും ഉദ്ദേശം 50 മീറ്ററോളം ദൂരം വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്ത് നിൽക്കുന്നവർക്കും ട്രെയിനിൽ വന്നിറങ്ങുന്നവർക്കും അപകടഭീതി ഉണ്ടാകുന്നുണ്ട്. അടുത്തിടെ വരെ പിടിച്ചുപറി പതിവായിരുന്നുവെന്ന ആക്ഷേപമുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിലും വെളിച്ചമില്ല. ഇവിടെ വടക്ക് പ്ലാറ്റ്ഫോമിന്റെ ഭാഗം കാടുകയറിയിരിക്കുകയാണ്.ഇഴജന്തുക്കളുടെ ശല്യവും. ഒരു വർഷം മുൻപ് മഴയത്ത് പ്ലാറ്റ്ഫോം ഇടിഞ്ഞതും നന്നാക്കിയിട്ടില്ല.അടുത്തുള്ള റെയിൽവേ റോഡിലൂടെ ഗതാഗതവും ഇതുകാരണം നിലച്ചിരിക്കുകയാണ്.
അവഗണനയിൽ
പ്ലാറ്റ്ഫോം ബലപ്പിക്കുന്നതിനായി റെയിൽവേ റോഡിൽ കോൺക്രീറ്റ് മതിൽ നിർമ്മിച്ചെങ്കിലും പണിപൂർത്തിയാക്കിയിട്ടില്ല. മലബാർ എക്സ്പ്രസ്,കന്യാകുമാരി-പൂനെ എക്സ്പ്രസ്,വേണാട്,ഐലന്റ് എക്സ്പ്രസ്,ഗുരുവായുർ എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പുള്ള സ്റ്റേഷനാണ് അവഗണനയേറ്റ് നശിക്കുന്നത്. സമീപത്തെ മറ്റു സ്റ്റേഷനുകളെക്കാൾ സ്ഥല സൗകര്യമുള്ള റെയിൽവേ സ്റ്റേഷനാണ് കടയ്ക്കാവൂർ. വക്കം,കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,മണമ്പൂർ തുടങ്ങി ഒട്ടനവധി പഞ്ചായത്ത് നിവാസികളാണ് യാത്രയ്ക്കായി ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്.