sivagiri-santhiyathra

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് തിരുജയന്തി മഹാസമാധി സ്ഥാനമായ ശിവഗിരിയിൽ ആഘോഷിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കമായത്. വൈദികമഠത്തിൽ മഹാസമാധിദിനം വരെ നീണ്ടുനിൽക്കുന്ന ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിച്ചു. പുലർച്ചെ പർണശാലയിൽ ശാന്തിഹവനം,ശാരദാമഠത്തിൽ വിശേഷാൽ പൂജ,മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ,ചതയപൂജ,തിരു അവതാര മുഹൂർത്ത പ്രാർത്ഥന തുടങ്ങി ആരാധനകൾക്കു ശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടന്നു.

ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നൽകി. ജപയജ്ഞം ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്‌തു. വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി വൈകിട്ട് ശാന്തിദീപം (ചതയദീപം) തെളിച്ചുള്ള പ്രാർത്ഥന ആത്മീയ,സാമൂഹ്യ,​കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടന്നു. ശിവഗിരിക്കുന്നുകളിലും ശാരദാമഠം,വൈദികമഠം,ബോധാനന്ദ സ്വാമി സമാധി മണ്ഡപം,മഹാസമാധി എന്നിവിടങ്ങളിലും ശാന്തിദീപം തെളിച്ചു.

മഹാസമാധിയിലെ വിശേഷാൽ പൂജകൾക്കുശേഷം ഗുരുദേവന്റെ പൂർണകായചിത്രം അണിയിച്ചൊരുക്കിയ ഗുരുദേവറിക്ഷ ശിവഗിരി കുന്നിറങ്ങിയതോടെ നാമസങ്കീർത്തന ശാന്തി ഘോഷയാത്ര തുടങ്ങി.

സ്വാമി ശാരദാനന്ദ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഭക്തജനങ്ങൾ പ്രാർത്ഥനയോടെ ഘോഷയാത്രയിൽ അണിചേർന്നു. ഗുരുദേവൻ സ്ഥാപിച്ച മാതൃകാ പാഠശാലയിലെത്തി (ശിവഗിരി സ്കൂൾ) എസ്.എൻ കോളേജ്,നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയിൽ തിരിച്ചെത്തി ഘോഷയാത്ര സമാപിച്ചു.