ദിലീപ് , വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭഭബ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ സുരേഷ് ഗോപി. നിർണായകമായ അതിഥി വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ഇടവേളയ്ക്കുശേഷമാണ് സുരേഷ് ഗോപിയും ദിലീപും ഒരുമിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ളബ് ദിലീപാണ് നിർമ്മിച്ചത്.
വർഷങ്ങൾക്കുശേഷം ദിലീപും, വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. മാസ് മസാല ആക്ഷൻ അഡ്വജർ ചിത്രമായാണ് ഒരുങ്ങുന്നത്.
താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് തിരക്കഥ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കമ്മാരസംഭവത്തിനുശേഷം ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ്. സുരേഷ്ഗോപിയുടെ സീനുകൾ അടുത്ത ദിവസം ചിത്രീകരിക്കാനാണ് തീരുമാനം.
അതേസമയം നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനാണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം.
വൻ താരനിരയിൽ ഒരുങ്ങുന്ന ഒറ്റക്കൊമ്പൻ നിർമ്മിക്കുന്നതും ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപലൻ ആണ്. സുരേഷ്ഗോപി പാലാക്കാരൻ അച്ചായനായി എത്തുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു. ഷാജികുമാർ ആണ് ഛായാഗ്രഹണം. ഗോകുലം മൂവീസ് നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങൾ സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ശ്രീപദ്മനാഭസ്വാമിയായി സുരേഷ്ഗോപി എത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട്. വരാഹം, ജെഎസ്കെ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. വരാഹം ഒക്ടബറിലും ജെഎസ്കെ നവംബർ ഒന്നിനും റിലീസ് ചെയ്യും.