തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പൈപ്പുകളിൽ ഭൂരിഭാഗവും രാജഭരണകാലത്ത് സ്ഥാപിച്ചവയാണ്. കവടിയാർ മുതൽ ഇങ്ങ് മൺവിള വരെയുള്ള പൈപ്പുകളുടെ സ്ഥിതി ഇതുതന്നെയാണ്. ജനസംഖ്യ വർദ്ധിച്ചതോടെ ജലത്തിന്റെ ആവശ്യവും കൂടി. പക്ഷേ പൈപ്പുകളുടെ ശേഷി മാത്രം വർദ്ധിച്ചില്ല. താങ്ങാനാവുന്നതിലധികം വെള്ളം കൊണ്ടുപോകുന്നത് പതിവായതോടെ പൈപ്പുകൾ നിരന്തം പൊട്ടാൻ തുടങ്ങി.
കേരളകൗമുദിയുടെ അന്വേഷണത്തിൽ ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് കണ്ടെത്തിയ കാരണങ്ങൾ...
1.പഴയ പൈപ്പുകൾ പൂർണമായി മാറ്റിയിട്ടില്ല
2. പി.ഡബ്യു.ഡി,കെ.എസ്.ഇ.ബി,നഗരസഭ എന്നിവയുടെ ഏകോപനമില്ലായ്‌മ
3.ഗ്രാമങ്ങളിലെ കിണർവെള്ളം ശുദ്ധമല്ല
4.ജലജീവൻ കണക്ഷനുകളുണ്ടെങ്കിലും വെള്ളമില്ല
5. അമൃത് പോലുള്ള പദ്ധതികൾ ഇഴയുന്നത്
ഹൈലെവൽ ദൗർലഭ്യം
ജലലഭ്യതയുടെ അടിസ്ഥാനത്തിൽ നഗരത്തെ എട്ടു സോണുകളായി തിരിക്കാം. ഇതിൽ ജലക്ഷാമം അതിരൂക്ഷം ഹൈ ലെവൽ സോണിലാണ്. വെള്ളയമ്പലം,വഴുതക്കാട് ,ചാക്ക,സെക്രട്ടേറിയറ്റ്,പേട്ട എന്നീ പ്രദേശങ്ങളാണ് ഈ സോണിലുൾപ്പെടുന്നത്. പൗഡിക്കോണം, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കഴക്കൂട്ടം, ടെക്നോപാർക്ക്, മൺവിള, അരശുംമൂട്, കുഴിവിള എന്നിവിടങ്ങൾ ഹൈലെവൽ സോണിൽ വരുന്നില്ലെങ്കിലും താരതമ്യേന ജലക്ഷാമം കൂടുതലുള്ള മേഖലകളാണ്.
വെങ്ങാനൂരിലും പൈപ്പ് വേണം
വെങ്ങാനൂർ പുത്തംകാനം പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും പൈപ്പ് കണക്ഷനാണ് വേണ്ടത്. പെരിങ്ങമ്മല വാട്ടർ ടാങ്കിൽ നിന്ന് ഇവിടേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ്ലൈൻ സാങ്കേതിക കാരണങ്ങളാൽ തുടങ്ങിയിട്ടില്ല. വിഴിഞ്ഞം കോട്ടപ്പുറം വാർഡിലെ വീടുകൾക്ക് അമൃത്പദ്ധതിയുടെ ഭാഗമായി വെള്ളമെത്തിക്കുന്നതിന് 1.10 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
മണലുവിളയിൽ നരകജീവിതം
മാരായമുട്ടത്തെ മണലുവിള ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. വൈദ്യുതി മുടങ്ങുന്ന പ്രദേശത്ത് പൈപ്പിൽ രാത്രി മാത്രമെത്തുന്ന വെള്ളത്തെയാണ് മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്നത്. വടകര വാർഡിലെ ആനായിക്കോണം,മുണ്ടാമല,മലയിൽതോട്ടം എന്നിവിടങ്ങളിലും പ്രശ്നങ്ങളുണ്ട്. ജലജീവനിലൂടെ കൂടുതൽ പേർക്ക് കണക്ഷൻ നൽകിയതോടെ ശുദ്ധജലം മുടങ്ങി. ആദ്യം 2000 കണക്ഷനായിരുന്നത് ഇപ്പോൾ 5000 ആയി.
ഡി.ഐയാണ് താരം
ഹൈലെവൽ സോണുകളിൽ സ്മാർട്ട്സിറ്റിയുടെ റോഡുപണി നടക്കുന്ന മാനവീയംവീഥി മുതൽ തൈക്കാട് വരെ കാസ്റ്റ്അയൺ പൈപ്പുകളും പ്രിമോ പൈപ്പുകളുമാണ്(കോൺക്രീറ്റ്) ഇട്ടിട്ടുള്ളത്. പെട്ടെന്ന് പൊട്ടാൻ സാദ്ധ്യതയുള്ള ഇവയ്ക്ക് പകരമായി ഏറെക്കാലം ഈടുനിൽക്കുന്ന ഡി.ഐ(ഡക്റ്റൈൽ അയൺ) പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. 24 ഇന്റർകണക്ഷനിൽ 20 എണ്ണം പൂർത്തിയായി. എല്ലാ പൈപ്പുകളും ഒറ്റയടിക്ക് മാറ്റുക എളുപ്പമല്ല.
അമൃത് പുരോഗമിക്കുന്നു
നഗരത്തിൽ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്രപദ്ധതിയായ അമൃതിന്റെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. നഗരസഭയും ജലസേചനവകുപ്പും പദ്ധതിയുടെ ഭാഗമാണ്.