ചിറയിൻകീഴ്: കാറിന് സൈഡ് കൊടുക്കാത്തതിൽ രോഷം കൊണ്ട മൂന്നംഗ സംഘം കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.ഇന്നലെ ഉച്ചയ്ക്ക് ചിറയിൻകീഴിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ മർദ്ദിക്കാൻ ശ്രമിച്ച കേസിൽ ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത് (26),അടിക്കലം സ്വദേശി കൃഷ്ണപ്രസാദ് (28),വഞ്ചിയൂർ വിഷ്ണുഭവനിൽ വിഷ്ണുപ്രസാദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നോവ കാറിലെത്തിയ സംഘം യാത്രക്കാരും വനിതാ കണ്ടക്ടറും ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് ഹീനമായ രീതിയിൽ അസഭ്യം പറയുകയും അരമണിക്കൂറോളം കെ.എസ്.ആർ.ടി.സി ബസിനെ തടഞ്ഞിടുകയും ചെയ്തു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.എസ്.ജയകുമാർ ഡ്രൈവറും കെ.സിന്ധു കണ്ടക്ടറുമായുള്ള ബസിന്റെ ലൈറ്റ് അക്രമി സംഘം ഇടിച്ചു തകർക്കുകയും ചെയ്തു. ട്രിപ്പ് മുടക്കിയതിന് 8000 രൂപയും പൊതുമുതൽ നശിപ്പിച്ചതിനുമാണിവർക്കെതിരെ കേസെടുത്തത്.ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്.വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.