muhammed

ശംഖുംമുഖം: ലഹരി - ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്ന കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഇനാദിനെയും (23) പൊലീസ് പിടികൂടി. ഇതോടെ കേസിലെ മൂന്നുപ്രതികളും അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി ഇനാസിന്റെ സഹോദരനാണ് ഇനാദ്. ഇനാസിനേയും മൂന്നാം പ്രതിയായ വള്ളക്കടവ് സ്വദേശി സഹീർ ഖാനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇനാദിനെ പൂങ്കുളത്തെ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചുകഴിയുന്നതിനിടെ ഇന്നലെ പുലർച്ചെ വീട് വളഞ്ഞാണ് പൂന്തുറ സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സഹീർഖാനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇനാദിന്റെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്.

15ന് രാത്രിയാണ് ഇനാദും സഹോദരനായ ഇനാസും സുഹൃത്തായ സഹീർഖാനും ചേർന്ന് ബീമാപള്ളി സ്വദേശിയായ ഷിബിലിയെ ക്രൂരമായി മർദ്ദിച്ച് കൊന്നത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇനാസിനെ പിറ്റേന്ന് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്തു. ഇനാദും സഹീർഖാനും സംഭവശേഷം പെരുമാതുറയിലേക്കാണ് പോയത്. അവിടെനിന്ന് മത്സ്യബന്ധന വള്ളത്തിൽ കടലിലേക്ക്. രണ്ടുദിവസം അവിടെ കഴിഞ്ഞു. കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ പൊലീസ് പിടികൂടുമെന്ന് മനസിലാക്കിയ ഇരുവരും രഹസ്യമായി കരയിലെത്തി.സഹീർ ബീമാപള്ളിയിലേക്കും ഇനാദ് പൂങ്കുളത്തേക്കും പോയി. സഹീർ ബീമാപള്ളിയിൽ എത്തിയ വിവരം നാട്ടുകാരിൽ നിന്ന് ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നെഞ്ചിൽ ബൈക്ക് കയറ്റിയിറക്കി,
എല്ല് തുളഞ്ഞ് ശ്വാസകോശത്തിൽ കയറി

അതിക്രൂരമായാണ് ഷിബിലിയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നും പ്രതികളുടെ മൊഴികളിൽ നിന്നും വ്യക്തമായി. ഷിബിലിയെ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം നിലത്തിട്ട് മർദ്ദിച്ചു. തുടർന്ന് ഇടറോഡിലൂടെ കടപ്പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെയിട്ടും മർദ്ദിച്ച് അവശനാക്കി. കലി തീരാതെ ഷിബിലിയുടെ നെഞ്ചിലൂടെ പലതവണ ബൈക്ക് ഓടിച്ചുകയറ്റി. ഇതേതുടർന്ന് നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയാണ് ഷിബിലി മരിച്ചത്. ഷിബിലിയുടെ നെഞ്ചിലൂടെ ബൈക്ക് ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തി പലർക്കും അയച്ചതായും പൊലീസ് കണ്ടെത്തി.