പാറശാല: പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാറശാലക്കാർ ആശങ്കയിലാണ്. അധികൃതർ വെള്ളക്കരം കൂട്ടിയത് ചെലവ് വർദ്ധിപ്പിച്ചെങ്കിലും പൈപ്പ് പൊട്ടലുകൾ ജീവിതം വഴിമുട്ടിക്കുകയാണ്.

പാറശാലയിൽ തുടരുന്ന കുടിവെള്ള ക്ഷാമത്തിനായി കോടികൾ ചെലവാക്കി പദ്ധതികൾ പലതും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ശാശ്വതമായില്ല. മഴയായാലും വെയിലായാലും കുടിവെള്ളം മുടങ്ങുന്നത് നാട്ടുകാരുടെ ആശങ്ക ഇരട്ടിയാക്കുന്നതിന് കാരണമായിട്ടുണ്ട്. പൈപ്പുലൈൻ പൊട്ടി ദിവസങ്ങളോളം കുടിവെള്ള വിതരണവും മുടങ്ങുമെന്നത് പാറശാലയിൽ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്.

കുടിവെള്ളം മുടക്കം പതിവ്

പാറശാലയിൽ കുടിവെള്ളം എത്തിക്കുന്ന ജലസംഭരണി സ്ഥിതിചെയ്യന്ന വണ്ടിച്ചിറ മുതൽ പരശുവയ്ക്കൽ വരെയുള്ള ഭാഗത്തും ദേശീയപാതയിൽ പരശുവയ്ക്കൽ മുതൽ ഇടിച്ചക്കപ്ലാമൂട് വരെയുള്ള ഭാഗത്തുമായി ഇരുനൂറോളം തവണ പൈപ്പ് പൊട്ടിയത് വാട്ടർ അതോറിട്ടി തന്നെ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. എങ്കിലും പൊട്ടലും കൂട്ടിയോജിപ്പിക്കലും കുടിവെള്ള തടസങ്ങളും തുടരുന്നുണ്ട്.

കാരണങ്ങൾ ഓരോന്നും

നേരത്തെ ജലസംഭരണികളായ കുളങ്ങളിലെ ചോർച്ച, മോട്ടോർ തകരാർ, ടാങ്കിന്റെ സംഭരണ ശേഷി എന്നിവയായിരുന്നു കാരണമെങ്കിൽ അവ പരിഹരിക്കപ്പെട്ടു. ഇപ്പോൾ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാത്തതാണ് അടിക്കടി പൈപ്പുകൾ പൊട്ടുന്നതിനും ജലവിതരണം തടസപ്പെടുന്നതിനും കാരണം.

ഉപഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനയിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് നിലവാരമില്ലാത്തും കാലപ്പഴക്കമുള്ളതുമായ എ.സി പൈപ്പുകളിലൂടെ ഉയർന്ന മർദ്ദത്തിൽ കൂടുതൽ വെള്ളം പമ്പ് ചെയ്യേണ്ടിവരുന്നതാണ് പൈപ്പ് ലൈനുകൾ അടിക്കടി പൊട്ടുന്നതിനുള്ള കാരണം.

കുടിവെള്ളമില്ല

പാറശാല ടൗണിലെ ചില മേഖലകളിലെ വീടുകളിൽ പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിയിട്ട് മാസങ്ങളായി. പലരും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെത്തി കുടിവെള്ളം ശേഖരിക്കുകയാണ് പതിവ്. പാറശാല ടൗണിലേക്ക് മാത്രമായുള്ള വിതരണത്തിനായി പാറശാല ബ്ലോക്ക് ഓഫീസ് പരിസരത്ത് ടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും റെയിൽവേയുടെ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റി. ഇപ്പോൾ വണ്ടിച്ചിറയിൽ നിന്നുള്ള ലൈനിൽ നിന്നാണ് നേരിട്ട് വീടുകളിലേക്ക് എത്തിക്കുകയാണ്.