l

തിരുവനന്തപുരം:നഗരത്തിന്റെ ദാഹമകറ്റാനുള്ള ഏക ജലസ്രോതസ് പേപ്പാറ ഡാമാണ്. അവിടെ നിന്നുള്ള ജലം അരുവിക്കര ഡാമിലെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.നഗരത്തിന് പ്രതിദിനം വേണ്ടത് 400 ദശലക്ഷം ലിറ്റർ വെള്ളമാണ്.പക്ഷേ ഉത്പാദിപ്പിക്കുന്നത് 325 ദശലക്ഷം ലിറ്ററും. ഇവിടെയാണ് അരുവിക്കരയ്ക്ക് ബദലായി നെയ്യാർ പദ്ധതി കൂടി ജല അതോറിട്ടി ആസൂത്രണം ചെയ്തത്.പക്ഷേ,​ ആ നെയ്യാർ പദ്ധതിയുടെയും ജില്ലയിലെ ജലസ്രോതസായ വാമനാപുരം നദിയുടെയും ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്.

അപ്പർഡാം പേപ്പാറ
നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന അരുവിക്കരയുടെ അപ്പർഡാമാണ് പേപ്പാറ.വേനൽക്കാലത്ത് പേപ്പാറയിലെ ജലനിരപ്പ് താഴുമ്പോൾ അരുവിക്കരയിലും വെള്ളം കുറയും.ഇതോടെ നഗരത്തിലേക്ക് പമ്പു ചെയ്യുന്ന ജലത്തിന്റെ അളവും കുറയും.ഏഴുവർഷംമുമ്പുണ്ടായ രൂക്ഷമായ വരൾച്ചയിൽ ജലം തികയാതെയായി.ഭാവി മുന്നിൽകണ്ട് പേപ്പാറ സംഭരണശേഷി പരമാവധിയായ 110.5 മീറ്ററായി ഉയർത്താൻ ആലോചന തുടങ്ങി.എന്നാൽ സംഭരണശേഷി പരമാവധിയാക്കുമ്പോൾ ഡാമിന്റെ റിസ‌ർവോയറിൽ സ്ഥിതി ചെയ്യുന്ന ആദിവാസി സെറ്റിൽമെന്റായ പൊടിയക്കാല മുങ്ങും.ഇത് പരിഹരിക്കുന്നതിനായി സെറ്റിൽമെന്റിലേക്കുള്ള റോഡ് ഉയർത്തിയ ശേഷം വനംവകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയെങ്കിലും കേന്ദ്രം നടപടിയെടുത്തിട്ടില്ല.

 ഇഴഞ്ഞിഴഞ്ഞ് നെയ്യാർ പദ്ധതി
അരുവിക്കരയിലെ ജലം നഗരത്തിന് നിരന്തരം തികയാതെ വന്നതോടെയാണ് നെയ്യാർ കുടിവെള്ളപദ്ധതിയെ കുറിച്ച് ജല അതോറിട്ടി ആലോചിച്ചത്. 120 എം.എൽ.ഡി പ്ലാന്റാണ് വിഭാവനം ചെയ്തിട്ടുള്ളത്. തർക്കങ്ങളും വകുപ്പുകളുടെ ഏകോപനമില്ലായ്മയുമാണ് പ്രധാനവെല്ലുവിളി. നെയ്യാർഡാമിലെ സഫാരി പാർക്കിനുസമീപം 3.62 ഏക്കറിലാണ് പമ്പിംഗ്സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റുമടങ്ങിയ നെയ്യാർ ജലസംഭരണി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നെയ്യാറിൽ ശുദ്ധീകരിക്കുന്ന വെള്ളം 24 കിലോമീറ്ററിൽ സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ പി.ടി.പി നഗറിലെ ജപ്പാൻകുടിവെള്ള പദ്ധതിയുടെ ഓവർഹെഡ്ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യും. അവിടെനിന്ന് മൈൽഡ്സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ച് മാറനല്ലൂർ,വിളപ്പിൽശാല,വിളവൂർക്കൽ,മലയിൻകീഴ് പഞ്ചായത്തുകളിലെത്തിക്കും.

നീരൊഴുക്കില്ലാതെ വാമനാപുരം നദി
വനനശീകരണവും മണൽവാരലും കൈയേറ്റങ്ങളും കാരണം വാമനാപുരം നദിയിലെ നീരൊഴുക്ക് നിലച്ചതോടെ കുടിവെള്ള പദ്ധതികൾ അനിശ്ചിതത്വത്തിലാണ്.ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ ഇവിടെനിന്നാണ് വെള്ളമെത്തുന്നത്. നദിയിൽ ചെക്ക്ഡാമില്ല. വർഷംതോറും പൂവമ്പാറ ചെക്ക്ഡാമിന്റെ ഉയരം താത്കാലികമായി ഉയർത്തുന്നതിന് ലക്ഷങ്ങൾ ചെലവിടുന്നുണ്ട്. അവനവഞ്ചേരി കൈപ്പടക്കടവിൽ പമ്പ്ഹൗസുകൾക്ക് സമീപമുള്ള താത്കാലികബണ്ടിൽ അറ്റകുറ്റപ്പണികൾ നടത്താറില്ല. ബണ്ടിന്റെ ഒരുഭാഗത്തൂടെ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.

 ചരിത്രം
കരമനയാറിലെ ജലം അരുവിക്കരയിൽ സംഭരിച്ച് ശുദ്ധീകരണപ്രക്രിയയ്ക്ക് ശേഷം വലിയപൈൈപ്പുകളിലൂടെ വില്ലിംഗ്ടൺ വാട്ടർവർക്ക്സിൽ എത്തിക്കുമായിരുന്നു. ഒരുലക്ഷം പേർക്കുള്ള ജലവിതരണത്തിനാണ് വാട്ടർവർക്ക്സ് തുടങ്ങിയത്. പിൽക്കാലത്ത് പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പുവരെയും കോവളം തീരദേശമേഖല വരെയും വ്യാപിപ്പിച്ചു. ബാലകൃഷ്ണറാവു,ചീഫ് എൻജിനിയർ ബാലകൃഷ്ണമേനോൻ,എക്സിക്യൂട്ടീവ് എൻജിനിയർ എൻ.കൃഷ്ണൻനായർ,വി.പി.നാരായണൻ നായർ എന്നിവർ വിവിധഘട്ടങ്ങൾക്ക് നേതൃത്വം നൽകി. ഡി.അപ്പുക്കുട്ടൻ നായർ ചീഫ് എൻജിനിയറായിരുന്നപ്പോൾ അരുവിക്കരയ്ക്ക് മുകളിലായി പേപ്പാറഡാം നിർമ്മിക്കാൻ തീരുമാനിച്ചു.