 വീട്ടിൽപോകാതെ അന്വേഷണം നയിച്ച് സി.ഐ

ശംഖുംമുഖം: ബീമാപള്ളിയിൽ ക്രിമിനൽ കേസ് പ്രതി ഷിബിലിയെ കൊലപ്പെടുത്തിയ ശേഷം സംസ്ഥാനത്തിന് പുറത്തും കടലിലുമായി ഒളിവിൽക്കഴിഞ്ഞ മൂന്ന് പ്രതികളേയും അഞ്ചു ദിവസത്തിനുള്ളിൽ വിലങ്ങുവയ്ക്കാനായത് പൂന്തുറ പൊലീസിന്റെ സുവർണനേട്ടമായി. പ്രതികളെ കൃത്യമായി നിരീക്ഷിച്ചും ഒളിസങ്കേതങ്ങൾ വളഞ്ഞുമായിരുന്നു പ്രതികളെ പൂന്തുറ സി.ഐ എസ്.സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 വീട്ടിൽ പോകാതെ സി.ഐ
സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച സാജു കൊലപാതകത്തിന് രണ്ടുദിവസം മുമ്പാണ് പൂന്തുറയിൽ ചുമതലയേറ്റയത്. സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങളെ കുറിച്ചും ഗുണ്ടാലിസ്റ്റും റൗഡിലിസ്റ്റും മനസിലാക്കാൻ സമയം ലഭിക്കും മുമ്പായിരുന്നു കൊല. ലഹരി കച്ചവടത്തിലേർപ്പട്ടിരുന്നവർ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും സ്റ്റേഷന്റെ ഭൂപ്രകൃതിയെ കുറിച്ച് പഠിക്കാനുമുള്ള സാവകാശവും ലഭിച്ചില്ല. പ്രതികൾ രക്ഷപ്പെടുമെന്ന് മനസിലാക്കിയ സി.ഐ തുടർന്നുള്ള അഞ്ചുദിവസം വീട്ടിൽ പോകാതെ അന്വേഷണത്തിന് നേതൃത്വം നൽകി. നാട്ടുകാരും ഷാഡോ സംഘങ്ങളും നൽകുന്ന വിവരങ്ങൾ കൃത്യമായി പിന്തുടർന്നു. കൊലപാതകത്തിന് പിന്നിൽ സഹോദരങ്ങളായ രണ്ടുപേർക്ക് മാത്രമേ പങ്കുള്ളൂവെന്നായിരുന്നു ആദ്യവിവരം. സി.ഐ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നാമന്റെ പങ്ക് കണ്ടെത്തിയത്. കൊലയ്‌ക്ക് പിന്നാലെ സ്ഥലത്തെത്തിയ സി.ഐ പ്രതികളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് മക്കളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ശേഖരിച്ചു.

 ലഹരിസംഘങ്ങളുടെ കുടിപ്പക
ഷിബിലിയും കൊലപാതകത്തിൽ പിടിയിലായ മൂന്നുപേരും കഴിഞ്ഞ ഒരുമാസം വരെ ഒന്നിച്ചായിരുന്നു ബീമാപള്ളിയിൽ ലഹരിവില്പന നടത്തിയിരുന്നത്. കച്ചവടത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഷിബിലി കൂട്ടാളികളുമായി തെറ്റി. സുഹൃത്തുക്കളുമായി ചേർന്ന് ഷിബിലി മറ്റൊരു സംഘം രൂപീകരിച്ച് കച്ചവടം തുടർന്നു. ഇതിനിടെ പരസ്പരം വെല്ലുവിളികളും ഏറ്റുമുട്ടലുകളും പതിവായി. അടുത്തിടെ ഷിബിലിയുടെ സംഘത്തിലുൾപ്പെടെ ഒരാളെ ഇനാദിന്റെ കൂട്ടാളികൾ മർദ്ദിച്ചു. സംഭവത്തിൽ അയാളുടെ തലയ്ക്ക് ഗുരുതമായി പരിക്കേറ്റെങ്കിലും പരാതിനൽകാൻ ഷിബിലിയും കൂട്ടരും തയ്യാറായില്ല. ഈ പക തീർക്കാൻ 15ന് ഇവർ ഏറ്റുമുട്ടി, ഇരുകൂട്ടരും പിരിഞ്ഞുപോകാനൊരുങ്ങുന്നതിനിടെ ആയുധവുമായി ഓട്ടോയിൽ കാത്തിരുന്ന ഷിബിലിയെ ഇനാസിന്റെ നേതൃത്വത്തിൽ വലിച്ചിറക്കി മർദ്ദിച്ച് കൊല്ലുകയായിരുന്നു.