ശംഖുംമുഖം: വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്ന 62 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. കല്ലമ്പലം പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് സുഹൈലിനെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇന്നലെ രാവിലെ ദുബായിലേക്കുള്ള എയർ അറേബ്യയുടെ വിമാനത്തിൽ പോകാനെത്തിയതായിരുന്നു സുഹൈൽ. ലഗേജുകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ അധികൃതർ വിവരം കസ്റ്റംസ് അധികൃതരെ അറിയിച്ചു .അവരെത്തി നടത്തിയ വിശദപരിശോധനയിലാണ് ദുബായ് ദർഹം ബാഗിൽ കണ്ടെത്തിയത്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരിൽ നിന്ന് കള്ളപ്പണം നൽകി വിദേശ കറൻസികൾ വാങ്ങിക്കൂട്ടുന്ന സംഘം സജീവമായതോടെയാണ് ഇത്തരത്തിൽ കറൻസികൾ നാട്ടിലേക്ക് എത്താൻ തുടങ്ങിയത്. വിറ്റഴിച്ച ശേഷം ബാക്കിയുള്ള കറൻസിയാണ് തിരികെ കൊണ്ടുപോകുന്നത്. കാരിയർമാരിലൂടെയാണ് കറൻസി കൈമാറ്റം.