കാട്ടാക്കട: വൻതോതിൽ അനധികൃത വിദേശമദ്യവും പുകയില ഉത്പന്നങ്ങളും കൈവശം വെച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വീരണകാവ് കുഴയ്ക്കാട് പുന്നമൂട് ലക്ഷം വീട്ടിൽ അരുൺ സുരേഷ്(26,​വിഷ്ണു), ആലമുക്ക് പുതുക്കോണം ഇടപ്പഴിഞ്ഞി അഭിലാഷ് ഭവനിൽ അഭിലാഷ് (32,​വിനീത്) എന്നിവരാണ് പിടിയിലായത്. അഭിലാഷിന്റെ വീട്ടിൽ വിദേശമദ്യവും പുകയില ഉത്പന്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ചില്ലറ വില്പനയ്ക്കായി സ്റ്റെയർകെയിസിന് കീഴിൽ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി 226 കുപ്പികളിൽ നിറച്ച 113 ലിറ്റർ മദ്യവും മറ്റൊരു പ്ലാസ്റ്റിക് ചാക്കിൽ നിറച്ച നിരോധിത പുകയില ഉത്പന്നങ്ങളുമാണ് കണ്ടെത്തിയത്.

കാട്ടാക്കട ഡിവൈ.എസ്.പി ഷിബു, കാട്ടാക്കട എസ്.എച്ച്.ഒ മൃദുൽകുമാർ, എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐമാരായ മോഹനൻ, ലാൽ, സുനിൽകുമാർ, അനിത, സിവിൽ പൊലീസ് ഓഫീസർ സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.