തിരുവനന്തപുരം: അമ്പലമുക്കിലെ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാനാവാതെ ജല അതോറിട്ടി. രണ്ടാഴ്ചയ്‌ക്കിടെ മൂന്ന് തവണയാണ് അമ്പലമുക്കിൽ പൈപ്പ് പൊട്ടിയത്. പേരൂർക്കടയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനാണിത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും ജല അതോറിട്ടി അറ്റകുറ്റപ്പണി നടത്തും. രണ്ടുദിവസം ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല എന്നതാണ് സ്ഥിതി. ഇപ്പോഴിതാ രണ്ട് ദിവസം മുമ്പ് ചോർച്ച കണ്ടെത്തിയ അതേ ഭാഗത്ത് വീണ്ടും പൊട്ടൽ കണ്ടെത്തിയിരിക്കുകയാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ നാളെ രാത്രി തുടങ്ങും. നഗരത്തിലേക്കുള്ള 900 എം.എം പൈപ്പ് ലൈനിലും മൺവിളയിലേക്കുള്ള 350 എം.എം പൈപ്പ് ലൈനിലും പൊട്ടലുണ്ടായതിനെ തുടർന്ന് ഈ മാസം നാലോളം തവണ ജലവിതരണം നിറുത്തിവച്ചത് ജനങ്ങളെ വലച്ചിരുന്നു.

 രണ്ടുദിവസം കുടിവെള്ളം മുടങ്ങും
അമ്പലമുക്ക് ജംഗ്ഷന് സമീപത്ത് നടക്കുന്ന അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തിൽ നാളെ രാത്രി 10 മുതൽ 23ന് രാത്രി 8 വരെ കുടിവെള്ള വിതരണം നിറുത്തിവയ്ക്കും. പേരൂർക്കട, ഊളംപാറ, കുടപ്പനക്കുന്ന്, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ഉള്ളൂർ, ജവഹർ നഗർ, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, നന്ദൻകോട്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൗരീശപട്ടം, മെഡിക്കൽ കോളേജ്, കുമാരപുരം എന്നിവിടങ്ങളിലെ കുടിവെള്ള വിതരണമാണ് തടസപ്പെടുക.

 അരുവിക്കരയിൽ വൈദ്യുതി തകരാർ

അരുവിക്കരയിലെ 75 എം.എൽ.ഡി ജല ശുദ്ധീകരണ പ്ലാന്റിൽ വൈദ്യുതി തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാറ്റൂർ, പാളയം, കവടിയാർ, കരമന, തിരുമല എന്നി സെക്ഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിൽ തടസമുണ്ടായി. ഇത് ഇന്ന് പൂർവസ്ഥിതിയിലാക്കുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.