ചെമ്പഴന്തി/ ശിവഗിരി: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ലോകമെമ്പാടും ഇന്നലെ ആഘോഷിച്ചു. വയനാട് മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനാ നിർഭരമായായിരുന്നു ചടങ്ങുകൾ. ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരി മഠത്തിലും അരുവിപ്പുറത്തും മറ്റ് ആരാധനാ കേന്ദ്രങ്ങളിലും ആയിരങ്ങൾ പങ്കെടുത്തു. പുലർച്ചെ 6 മുതൽ വൈകിട്ട് 6.30വരെ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും തിരുഅവതാര മുഹൂർത്ത പ്രാർത്ഥനകൾ നടന്നു.
വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി ശിവഗിരിയിൽ വൈകിട്ട് ശാന്തിദീപം (ചതയദീപം) തെളിച്ചു.ശിവഗിരിക്കുന്നിലും ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം, മഹാസമാധി എന്നിവിടങ്ങളിലും ശാന്തി ദീപങ്ങൾ നിരന്നു.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കടകംപള്ളിസുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകി. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എം.പിമാരായ ശശി തരൂർ, ഷാഫി പറമ്പിൽ എന്നിവർക്കു പുറമേ കെ.വരദരാജൻ,ഗോകുലം ഗോപാലൻ, ജി.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ശിവഗിരിയിൽ ചടങ്ങുകൾക്ക് തുടക്കമായത്. വൈദികമഠത്തിൽ മഹാസമാധിദിനം വരെ നീണ്ടുനിൽക്കുന്ന ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിച്ചു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു.
ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ച് ജയന്തി സന്ദേശം നൽകി.