തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ എസ്.എ.ടി ആശുപത്രിയിലായിരുന്ന പതിനൊന്നുകാരന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് ആറുമാസത്തെ പൂർണവിശ്രമം. രണ്ടാഴ്ചയിലൊരിക്കൽ ആശുപത്രിയിലെത്തണം. ദിവസേന സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് രക്തസമ്മർദ്ദവും പരിശോധിക്കണം. കണ്ണിൽ അണുബാധയുണ്ടായിരുന്നതിനാൽ ഇടയ്‌ക്കിടെ കുട്ടിക്ക് തലവേദനയുണ്ട്. അതിനാൽ അടുത്ത ആഴ്ച കണ്ണാശുപത്രിയിലെത്തിച്ച് കണ്ണ് പരിശോധിക്കാനും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നതായി പരിശോധനാഫലങ്ങളിൽ നിന്ന് വ്യക്തമായി. ഡെങ്കിയെ തുടർന്നാണ് കുട്ടി എത്തിയതെന്നാണ് എസ്.എ.ടിയിലെ ഡോക്ടർമാരുടെ നിഗമനം. എന്നാൽ ഒരുദിവസത്തെ പനി മാത്രമാണുണ്ടായിരുന്നതെന്നും ഡെങ്കിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. തൈക്കാട് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടിക്ക് എഗ്മോ നൽകേണ്ടിവന്നു. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴി‌ഞ്ഞ ശേഷമാണ് അപകടനില തരണം ചെയ്തത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ജൂലായ് 30നാണ് തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്നുമാറി കുത്തിവച്ചത്. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. ചികിത്സാപ്പിഴവിനെ തുടർന്ന് ഡ്യൂട്ടി നഴ്സിനെ സസ്‌പെൻഡ് ചെയ്യുകയും എൻ.എച്ച്.എം നഴ്സിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.