കഴക്കൂട്ടം: സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ അസാം സ്വദേശിയായ 13കാരിയെ കാണാനില്ലെന്ന് പരാതി. കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈനിന്റെ മൂത്തമകൾ തസ്‌മിൻ ബീഗത്തെയാണ് (13)കാണാതായത്.
ഇന്നലെ രാവിലെ 10.15നാണ് സംഭവം. ഹുസൈനും ഭാര്യയും മൂന്നു പെൺമക്കളുമാണ് വീട്ടിലുള്ളത്. രാവിലെ തസ്‌മിൻ ആറും ഒമ്പതും വയസുള്ള സഹോദരിമാർക്കൊപ്പം വഴക്കിട്ടിരുന്നു. തുടർന്ന് കുട്ടിയെ അമ്മ ശകാരിച്ചതിൽ മനംനൊന്ത് തസ്‌മീൻ വസ്‌ത്രങ്ങളുമെടുത്ത് വീടുവിട്ടുപോവുകയായിരുന്നെന്ന് അൻവർ ഹുസൈൻ കഴക്കൂട്ടം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഹുസൈനും ഭാര്യയും സമീപത്തുള്ള സ്കൂളിലെ ജോലിക്കാരാണ്. ഒരുമാസം മുമ്പാണ് കുടുംബം ജോലി അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയത്.
മാതാപിതാക്കൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് തസ്‌മിനെ കാണാനില്ലെന്ന് മനസിലായത്. സഹോദരിമാരോട് തിരക്കിയപ്പോൾ ബാഗിൽ തുണികളുമായി പോകുന്നത് കണ്ടുവെന്നാണ് പറഞ്ഞത്. തസ്‌മീൻ കണിയാപുരം മുസ്ളിം ഗേൾസ് ഹൈസ്‌കൂളിൽ ഏഴാം ക്ളാസിൽ പ്രവേശനം നേടിയെങ്കിലും ഇതുവരെയും പഠിക്കാനെത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. തുടക്കത്തിൽ പ്രദേശത്തെ സി.സി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായില്ലായിരുന്നു. നിറയെ ഇടവഴികളുള്ള പ്രദേശമായത് അന്വേഷണത്തിന് വെല്ലുവിളിയായി. കുട്ടിക്ക് അസാം ഭാഷ മാത്രമേ അറിയു. രാത്രി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻ കുമാർ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
പാലക്കാട് തെരച്ചിൽ വിഫലം
തിരുവനന്തപുരം ഭാഗത്തേക്ക് ചുവന്ന ലെഹംഗയണിഞ്ഞ് ബാഗുമായി ഒരു കുട്ടി നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ രാത്രി 11.30ഓടെ ലഭിച്ചിരുന്നു. ഇത് തസ്‌മീനാണെന്ന് വീട്ടുകാരും സ്ഥിരീകരിച്ചു. തുടർന്ന് അസാമിലേയ്‌ക്കുള്ള അരോണയ് എക്സ്‌പ്രസിൽ കുട്ടിയുണ്ടെന്ന സംശയത്തെത്തുടർന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തലസ്ഥാനം മുൾമുനയിൽ
രാവിലെ 10.15-കുട്ടി വീടുവിട്ടിറങ്ങുന്നു
ഉച്ചയ്ക്ക് 2.15-കുട്ടി വീട്ടിലില്ലെന്ന് മാതാപിതാക്കൾ കണ്ടെത്തി
വൈകിട്ട് 4-ക ഴക്കൂട്ടം പൊലീസിൽ പരാതി നൽകി
രാത്രി 8-ഡി.സി.പി വിജയ് ഭരത് റെഡ്ഡി വീട്ടിലെത്തുന്നു
10.30-പ്രദേശത്ത് ഡോഗ് സ്ക്വാഡ് പരിശോധന
11.30- കുട്ടിയുടെ സി.സി ടി വി ദൃശ്യങ്ങൾ കണ്ടെത്തി
11.45-കുട്ടി പാലക്കാടുണ്ടെന്ന സൂചന ലഭിക്കുന്നു.
12.20 തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന
12.30 - കുട്ടി നഗരത്തിലുണ്ടെന്ന് പൊലീസിന്റെ നിഗമനം,
നഗരം കേന്ദ്രീകരിച്ച് വീണ്ടും പരിശോധന