തിരുവനന്തപുരം: നഗരത്തിലെ ജനങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ണില്ലാതെ ചെയ്യാവുന്ന ഹൈഡ്രോപോണിക്‌സ് കൃഷിക്കായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം നൂതന ന്യൂട്രിയന്റ് സൊല്യൂഷൻ കണ്ടുപിടിച്ചു.ഇതിന്റെ പേറ്റന്റിനും തുടർന്നുള്ള സാങ്കേതികവിദ്യാ ലൈസൻസിംഗിനും അനുമതി നൽകാൻ സി.ടി.സി.ആർ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു.മധുരക്കിഴങ്ങ്, കൂർക്ക, കാച്ചിൽ, ചെറിയ തക്കാളി, ചീര, സാലഡ് വെള്ളരി, പാലക്ക്, ഉണ്ട മുളക് തുടങ്ങിയവയിൽ കഴിഞ്ഞ മൂന്നു വർഷത്തിലധികമായി പുതിയ പോഷക ലായനി ഉപയോഗിച്ചു നടത്തിയ മണ്ണില്ലാ ഹൈഡ്രോപോണിക്‌സ് പരീക്ഷണങ്ങളാണ് ഫലം കണ്ടത്.സാധാരണ കൃഷിയിൽ ലഭിക്കുന്നതിന്റെ നാലിരട്ടിയോളം വിളവ് ലഭിച്ചു.ഇവയുടെ ഗുണനിലവാരം മെച്ചപ്പെട്ടതായും ലാഭം വർദ്ധിക്കുന്നതായും പഠനങ്ങൾ കാണിക്കുന്നുവെന്ന് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ശാസ്ത്രജ്ഞനായ ഡോ. ജെ. സുരേഷ് കുമാർ പറഞ്ഞു.നൂതന പോഷക ലായനി ശ്രീകാര്യത്തുള്ള കർഷക സൗഹൃദ കേന്ദ്രത്തിലൂടെ ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന് സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു.