maram

വിതുര: മലയോരമേഖലയിൽ കനത്തമഴ. ചൊവ്വാഴ്ച പുലരുവോളം മഴ കോരിച്ചൊരിഞ്ഞതിനെതുടർന്ന് വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങി. മഴക്കൊപ്പം ശക്തമായ കാറ്റും വീശി. പൊൻമുടി, ബോണക്കാട്, പേപ്പാറ വനമേഖലകളിൽ ശക്തമായ മഴ പെയ്തിതിനെ തുടർന്ന് നദിയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായി. വനത്തിൽ നിന്ന് പാറകളും മരങ്ങളും ഒഴുകിയെത്തി. ഇതോടെ ഉരുൾപൊട്ടൽ കിംവദന്തി പരക്കുകയും ചെയ്തു. കല്ലാർ നദി മണിക്കൂറുകളോളം നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലിനെ തുടർന്ന് വാമനപുരം നദിയിലെ പൊന്നാംചുണ്ട്,സൂര്യകാന്തി പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. വിതുര തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസവുമുണ്ടായി. മഴയെ തുടർന്ന് പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും വെള്ളത്തിനടിയിലാകുകയും, ഗതാഗതതടസം അനുഭവപ്പെടുകയും ചെയ്തു. ഗ്രാമീണമേഖലയിലെ റോഡുകളും താറുമാറായി.

പൊൻമുടിയിൽ മരം വീണ് ഗതാഗതതടസം

കനത്ത മഴയെ തുടർന്ന് മരം വീണ് പൊൻമുടി - കല്ലാർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.പൊൻമുടി ഇരുപത്തിയെന്നാം വളവിന് സമീപം നിന്ന വൻ മരമാണ് നിലം പൊത്തിയത്.ഇതോടെ പൊൻമുടി റൂട്ടിൽ ബസ് സർവീസും നിലച്ചു. വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പൊൻമുടി വനത്തിലും മഴയത്ത് അനവധി മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. നേരത്തെ രണ്ട് തവണ മരംവീണ് വൈദ്യുതി ലൈൻ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. പ്രതികൂലകാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴ പെയ്തതിനെ തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു. ഇനിയും മഴ കനത്താൽ ഡാമിലെ ഷട്ടറുകൾ ഉയർത്തും.

വൈദ്യുതി മുടക്കവും

മഴ കനത്തതോടെ മലയോരമേഖലയിൽ വൈദ്യുതിമുടക്കവും പതിവാകുകയാണ്.പൊൻമുടി, കല്ലാർ, ആനപ്പാറ, പേപ്പാറ, ജഴ്സിഫാം, മണിതൂക്കി, മരുതാമല മേഖലകളിലാണ് കാറ്റത്തും, മഴയത്തും വൈദ്യുതിവിതരണം തടസപ്പെടുന്നത്. മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും ലൈനുകളിൽ പതിക്കുന്നതുമൂലമാണ് വൈദ്യുതിവിതരണം തടസപ്പെടുന്നത്.വൈദ്യുതിജീവനക്കാർ മഴയെ അവഗണിച്ച് ഏറെ പണിപ്പെട്ടാണ് വിതരണം പുനസ്ഥാപിക്കുന്നത്.