peyad-vilappilsala-road

മലയിൻകീഴ്: മലയിൻകീഴ്-കാട്ടാക്കട റോഡിൽ മലയിൻകീഴ് ജംഗ്ഷനിലും പേയാട്-വിളപ്പിൽശാല റോഡിലും കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. മലയിൻകീഴ് ട്രഷറി റോഡ് ആരംഭിക്കുന്നിടത്ത് പൈപ്പ് പൊട്ടി പ്രദേശത്താകെ വെള്ളക്കെട്ടായി മാറിയത് കഴിഞ്ഞ ദിവസമാണ്. പേയാട്-വിളപ്പിൽശാല റോഡിൽ ടാറിംഗ് ജോലി പൂർത്തിയായതിന് പിന്നാലെ വാട്ടർ അതോറിട്ടി പൈപ്പിന്റെ തകരാർ പരിഹരിക്കുന്നതിന് റോഡിൽ കുഴിയെടുത്ത് തകരാർ പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഞ്ഞിരുന്നു. പഴയ പൈപ്പുകൾക്ക് പകരം അടുത്തിടെ സ്ഥാപിച്ച പുതിയ പൈപ്പുകളാണ് പൊട്ടിയത്.

മലയിൻകീഴിൽ ശോചനീയാവസ്ഥയിലായ റോഡിൽ വെള്ളക്കെട്ടുമായപ്പോൾ കാൽനട പോലും ബുദ്ധിമുട്ടായി. പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പ് സ്ഥാപിക്കുമ്പോഴും പൈപ്പ് കണക്ട് ചെയ്യുമ്പോഴും വാട്ടർ അതോറിട്ടി എൻജിനിയർ കൂടെ ഉണ്ടാകേണ്ടതാണ്. എന്നാൽ കരാറുകാരന്റെ ജീവനക്കാരൻ യാതൊരു ശ്രദ്ധയുമില്ലാതെയാണ് പൈപ്പുകൾ കൂട്ടിയോജിച്ച് മണ്ണിട്ട് മൂടുന്നത്.

കുത്തിയൊലിച്ചെത്തിയ വെള്ളം കടകളിൽ ഒഴുകിയെത്തിയതിനാൽ പല കടകളും പൂട്ടി പോവേണ്ട സ്ഥിതിയുണ്ടായി. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.പൈപ്പുകൾ പൊട്ടിയ വിവരം വാട്ടർ അതോറിട്ടിയെ അറിയിച്ചാലും ഫലമുണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തിരിഞ്ഞു നോക്കാതെ

ഇരട്ടക്കലുക്ക് അമ്മാഗാർഡൻസ് റോഡ് ആരംഭിക്കുന്നിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ട് ദിവസങ്ങൾ കഴിഞ്ഞു. മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിലും പൈപ്പ് പൊട്ടി വെള്ളം ടാറിന് മുകളിലൂടെ
പായുന്നുണ്ട്. പൈപ്പ് ചോർച്ച അടയ്ക്കുന്നിടത്തെല്ലാം വീണ്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.

മഴക്കാലമാണെങ്കിലും കുടിവെള്ള ക്ഷാമം ഇപ്പോഴും ഗ്രാമീണ മേഖലകളിൽ രൂക്ഷമാണ്. ചിറ്റിയൂർക്കോട്, തറട്ടവിള,തച്ചോട്ടുകുന്ന്,വിളവൂർക്കൽ, മാറനല്ലൂർ,വിളപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമമാണ്. കിണറുകൾ അന്യമായതോടെ പൈപ്പ് വെള്ളത്തെയാണ് പ്രധാനമായും
ആശ്രയിക്കുന്നത്. കുടിവെള്ളം കിട്ടാനില്ലെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വ്യാപകമായിട്ടുണ്ട്.

അറുതിയില്ലാതെ

മലയിൻകീഴ്,ശാന്തുമൂല,ആൽത്തറ,പാലോട്ടുവിള,കരിപ്പൂര്,തച്ചോട്ടുകാവ് എന്നീ മലയിൻകീഴ് പഞ്ചായത്ത്
പ്രദേശങ്ങളിലും ഊരൂട്ടമ്പലം,പോങ്ങുംമൂട്,ചീനിവിള,അരുമാളൂർ,പ്ലാവിള,കണ്ടല,കരിംഗൽ,തൂങ്ങാംപാറ, മാവുവിള എന്നീ മാറനല്ലൂർ പഞ്ചായത്തിലും മേപ്പൂക്കടയിലും കാളിപ്പാറയിൽ നിന്നാണ് കുടിവെള്ളമെത്തുന്നത്. വിളവൂർക്കൽ,വിളപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ മങ്കാട്ടുകടവ്, വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്നാണ് കുടിവെള്ള മെത്തേണ്ടത്. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട കുടിവെള്ള പദ്ധതി പ്രദേശത്ത് പലവട്ടം ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമരം ചെയ്തെങ്കിലും ഇപ്പോഴും കുടിവെള്ള ക്ഷാമത്തിന് അറുതി വന്നിട്ടില്ല.