hi

വെഞ്ഞാറമൂട്: സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാർഷിക വിപണി തുറക്കുന്നില്ല. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കർഷകർ വലയുകയാണ്.വാമനപുരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതലയിലുള്ള വാമനപുരം ബ്ലോക്കുതല ഫെഡറേഷൻ ക്ലസ്റ്ററായ കീഴായിക്കോണത്ത് പ്രവർത്തിക്കുന്ന സമഗ്ര പച്ചക്കറി കൃഷി വിപണന കേന്ദ്രമാണ് ഒരു മാസമായി തുറന്നു പ്രവർത്തിക്കാത്തത്. കർഷകരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നതിനും ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും സഹായകമായാണ് സർക്കാർ ഫെഡറേഷൻ ക്ലസ്റ്ററുകൾ ആരംഭിച്ചത്. ജില്ലയിൽ മറ്റൊന്നു നെയ്യാറ്റിൻകരയിലാണ് പ്രവർത്തിക്കുന്നത്.

ഓണവിപണി ലക്ഷ്യം

ഹോർട്ട് കോർപ്പ് നേരിട്ട് പച്ചക്കറി എടുക്കുന്നത് കീഴായിക്കോണം വിപണിയിൽ നിന്നാണ്. ഓണ വിപണിയെ ലക്ഷ്യമിട്ട് ഉത്പാദിപ്പിച്ച പച്ചക്കറി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. വിപണി തുറന്നു പ്രവർത്തിക്കാതിരുന്നാൽ കർഷകർക്ക് ഓണവിപണി നഷ്ടമാകും.

വാമനപുരം ബ്ലോക്കിലെ 8 കൃഷിഭവനുകളിലായി 10 ക്ലസ്റ്ററുകൾ ഫെഡറേഷൻ ക്ലസ്റ്ററിനുണ്ട്. എല്ലാ ക്ലസ്റ്ററുകളിലും ഭരണസമിതി തിരഞ്ഞെടുപ്പു കഴിഞ്ഞ മാസം നടന്നുവെന്നും ബ്ലോക്ക് ക്ലസ്റ്ററിൽ തിരഞ്ഞെടുപ്പു നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.

2013ൽ സർക്കാർ 50ലക്ഷംരൂപ റിവോൾവിംഗ് ഫണ്ടായി നൽകിയാണ് ക്ലസ്റ്റർ ആരംഭിച്ചത്

മേഖലയിലെ കർഷകർ ജൈവ കൃഷിയാണ് നടത്തുന്നത്.

500ൽ അധികം കർഷകർ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കീഴായിക്കോണം വിപണിയെയാണ് ആശ്രിയക്കുന്നത്.

ഓണക്കാലത്ത് വൻതോതിൽ വിൽക്കുന്ന പടവലം,പാവൽ,വെള്ളരി എന്നിവ ഈ മേഖലയിലാണ് കൂടുതലും കൃഷി ചെയ്യുന്നത്.

കർഷകർക്ക് കൃഷി ആരംഭിക്കുന്നതിനു സർക്കാർ വൻതോതിൽ സഹായം നൽകുന്നുണ്ടെങ്കിലും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യം ചെയ്യുന്നില്ലെന്നാണ് കർഷകരുടെ പരാതി.

നിവേദനം നൽകി

പയർ,വാഴക്കുലകൾ തുടങ്ങിയവയും വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്. ഓണക്കാലത്ത് വിപണി തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും കീഴായിക്കോണം വിപണി തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഉദ്യോഗസ്ഥരുടെ അലംഭാവം പരിശോധിക്കണമെന്നും കാണിച്ച് കർഷകർ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നൽകി.