നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ തൊഴുക്കലിൽ പൂട്ടിയിട്ടിരുന്ന വ്യാവസായിക യൂണിറ്റ് കെട്ടിടം തയ്യൽ പരിശീലനത്തിനായി തുറന്നു. പത്ത് വഷത്തിന് മുൻപാണ് ഇവിടെ നഗര സംരംഭത്തിനായി കെട്ടിടം നിർമ്മിച്ചത്. അന്ന് വ്യവസായ യൂണിറ്റിനായി യന്ത്രസാമഗ്രികൾ വാങ്ങിയിട്ടെങ്കിലും പ്രവർത്തനങ്ങൾ തുടങ്ങി ദിവസങ്ങൾക്കകം തന്നെ അതിന്റെ പ്രവർത്തനം നിലച്ചു. വർഷങ്ങളായി അടച്ചുപൂട്ടിക്കിടന്ന സ്ഥാപനത്തെക്കുറിച്ച് കേരളകൗമുദി തുടർവാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നഗരസഭ ചെയർമാൻ പുതിയ യൂണിറ്റ് തുടങ്ങുവാൻ താല്പര്യമെടുക്കുകയായിരുന്നു.
തൊഴുക്കൽ സംരംഭകേന്ദ്രത്തിൽ ആരംഭിച്ച തയ്യൽ സംരംഭ യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹനൻ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ജെ.ജോസ് ഫ്രാങ്ക്ലിൻ, ആർ.അജിത, ഡോ.എം.എ.സാദത്ത്, കൗൺസിലർമാരായ പ്രസന്നകുമാർ, മാമ്പഴക്കര ശശി,സുകുമാരി, വേണുഗോപാൽ, ഗ്രാമം പ്രവീൺ, ബിനുകുമാർ, നഗരസഭ സെക്രട്ടറി സാനന്ദ സിംഗ്, വ്യവസായ ഓഫീസർ ഷിബു.കെ.എസ്, എൻ.യൂ.എൽ.എം മാനേജർ ശ്യാം എന്നിവർ പങ്കെടുത്തു.
പ്ലാസ്റ്റിക് മുക്ത നഗരസഭ
പ്ലാസ്റ്റിക് മുക്ത നഗരസഭ എന്ന ലക്ഷ്യത്തിലേക്ക് നെയ്യാറ്റിൻകര നഗരസഭയെ എത്തിക്കുന്നതിനായി തുണിസഞ്ചികൾ നിർമ്മിക്കുന്നതിനും കുറഞ്ഞ ചെലവിൽ നഗരവാസികൾക്ക് തുണിത്തരങ്ങൾ തുന്നി ലഭ്യമാക്കുന്നതിനും കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സംരംഭ കേന്ദ്രത്തിൽ 10 അംഗങ്ങൾക്കാണ് നഗരസഭ പുതുതായി തൊഴിലവസരം ഒരുക്കിയത്.
പുതിയ സംരംഭങ്ങളും
നെയ്യാറ്റിൻകര നഗരസഭ പദ്ധതി വിഹിതത്തിൽ 20 ലക്ഷം രൂപ വകയിരുത്തി മെയിന്റനൻസ് പ്രവർത്തനങ്ങളും മെഷീനുകളും വാങ്ങിയാണ് സംരംഭവുമായി മുന്നോട്ടുപോകുന്നത്. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സബ്സിഡി അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്കായി നിരവധി സ്വയംതൊഴിൽ വായ്പകൾ ഇതിനകം നൽകിയിട്ടുണ്ട്. പാദരക്ഷ നിർമ്മാണ യൂണിറ്റ്, എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് എന്നീ സംരംഭങ്ങളും നഗരസഭ പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.