തിരുവനന്തപുരം: ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അതിനുകാരണമായി മുഖ്യമന്ത്രി പരാമർശിച്ച ഹേമകമ്മിറ്റിയുടെ കത്ത് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
അന്നത്തെ സാംസ്‌ക്കാരിക സെക്രട്ടറി റാണി ജോർജ്ജിന് കമ്മിഷൻ അദ്ധ്യക്ഷ ജസ്റ്റിസ് കെ.ഹേമ റിപ്പോർട്ടിനൊപ്പം നൽകിയ കത്താണിത്.
കത്ത് പുറത്തു വരില്ലെന്നു കരുതി നുണ പറഞ്ഞ മുഖ്യമന്ത്രി മാപ്പ് പറയണം. മുഖ്യമന്ത്രിയുടെ കാപട്യം പുറത്തായി.
ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്.
റിപ്പോർട്ട് പുറത്ത് വിടുമ്പോൾ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നടക്കമുള്ള സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് കത്തിലുള്ളത്. പോക്സോ പ്രകാരംവരെ കേസെടുക്കേണ്ട സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്. നാലര വർഷം മുമ്പ് കിട്ടിയ റിപ്പോർട്ട് പൂഴ്ത്തി വെച്ച മുഖ്യമന്ത്രിയും അന്നത്തെയും ഇന്നത്തെയും സാംസ്‌കാരിക മന്ത്രിമാരും ക്രിമിനൽ കുറ്റമാണ് ചെയ്തത്. മൊഴികളും പെൻഡ്രൈവുകളും വാട്സാപ് മെസേജുകളും ഉൾപ്പെടെയുള്ള തെളിവുകൾ കമ്മിറ്റി കൈമാറിയിട്ടും അന്വേഷിക്കാത്ത സർക്കാരാണ് ഇപ്പോൾ ആരെങ്കിലും പരാതി തന്നാൽ അന്വേഷിക്കാമെന്ന് പറയുന്നത്.
കുറ്റകൃത്യങ്ങളുടെ പരമ്പരയാണെന്നും വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാരിന് വേണ്ടപ്പെട്ടവരായാതുകൊണ്ട് വേട്ടക്കാരെ മുഖ്യമന്ത്രി ചേർത്തുപിടിക്കുകയാണ്. പ്രതികളാകേണ്ടവരെയും ഇരകളെയും ഉൾപ്പെടുത്തി കോൺക്ലേവ് നടത്തുന്ന നാണംകെട്ട സർക്കാരാണിത്. വെളിപ്പെടുത്താത്ത ഭാഗങ്ങൾ വായിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത് ആരെ പറ്റിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.