തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കാൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം മേപ്പാടിയ്‌ക്ക് സമീപം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിൽ നിന്ന് അധിക ദൂരമില്ലാത്ത 24 പ്രദേശങ്ങളാണ് പ്രാഥമികമായി സർക്കാർ നിർദ്ദേശിച്ചിരുന്നത്. ഇതിൽ തോട്ടം മേഖലയോട് ചേർന്നുള്ള അഞ്ച് സ്ഥലങ്ങളാണ് വിദഗ്ദ്ധസംഘം നിർദ്ദേശിച്ചത്. ഇതിന്റെ വിശദ റിപ്പോർട്ട് ഇന്നലെ വൈകിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് കൈമാറി.

ചൂരൽമലയിൽ ഉരുൾ പോയതിന്റെ ഇരുവശങ്ങളിലെയും ഭൂമിയുടെ ഘടനയും മണ്ണിന്റെ സ്വഭാവവും സമിതി പരിശോധിച്ചു. ഉരുൾ പോയ ഇരുവശത്തെയും ഏറെ ഭാഗങ്ങൾ സുരക്ഷിതമെന്നാണ് വിലയിരുത്തൽ. ഈ ഭൂപ്രദേശത്തിന്റെ ഭൂപടവും വിശദ ടേബിളും ആധുനിക രീതിയിൽ തയ്യാറാക്കിയാണ് റിപ്പോർട്ടിൽ ചേർത്തത്.

ദുരന്തം എങ്ങനെയുണ്ടായി, എന്തുകൊണ്ടുണ്ടായി എന്ന വിഷയത്തിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്. ഇതിനുള്ള ശാസ്ത്രീയമായ പഠനത്തിനായി വിദഗ്‌ദ്ധ സമിതി വീണ്ടും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഉരുൾ പൊട്ടിയ ഉയർന്ന ഭാഗങ്ങൾ പരിശോധിക്കാൻ പ്രതികൂല കാലാവസ്ഥ കാരണം വിദഗ്ദ്ധസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇവിടത്തെ പരിശോധനയ്‌ക്ക് ശേഷമാവും വിദഗ്ദ്ധസംഘം അന്തിമ റിപ്പോർട്ട് കൈമാറുക. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് കൈമാറുന്ന റിപ്പോർട്ട് സർക്കാർ നിയമിച്ച് ലാൻഡ് സ്ളൈഡ് കമ്മിറ്റി കൂടി പരിശോധിച്ചാകും തീരുമാനമെടുക്കുക.

 ചീഫ് സെക്രട്ടറി വയനാട്ടിലെത്തും

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് പരമാവധി സാമ്പത്തിക സഹായം കിട്ടാൻ നിവേദനം നൽകിയതിന് പുറമെ അനുബന്ധ റിപ്പോർട്ട് കൂടി സമർപ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു വയനാട്ടിലെ ദുരന്തമേഖല സന്ദർശിക്കും. ചീഫ് സെക്രട്ടറിയുടെ വിവര ശേഖരണത്തിന്റെ കൂടി അടിസ്ഥാനത്തിലാവും അനുബന്ധ റിപ്പോർട്ട് കേന്ദ്രത്തിന് നൽകുക.