lottry

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വില്പന നടത്തുന്ന ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകി. ഓൺലൈൻ ലോട്ടറികളുടെ പേജുകളും പരസ്യങ്ങളും ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് അയച്ചു.

അടുത്തിടെ പുറത്തിറക്കിയ ഓണം ബമ്പർ ടിക്കറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നതായി കേരളകൗമുദി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളും 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും പൊലീസിന്റെ സൈബർ പട്രോളിംഗിൽ കണ്ടെത്തി. 10 ലക്ഷത്തിലധികം പേർ വ്യാജആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് ഉൾപ്പെടെ സോഷ്യൽമീഡിയയിൽ ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതായി ഏപ്രിൽ ഒന്നിന് കേരളകൗമുദി ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് നടപടി മന്ദഗതിയിലായിരുന്നു. ഇതിനിടെ തട്ടിപ്പുകാർ വ്യാജആപ്പിലൂടെ ബമ്പർ ലോട്ടറി വില്പന ആരംഭിക്കുകയായിരുന്നു.

കേരള മെഗാമില്യൺ ലോട്ടറി,കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിലാണ് സമൂഹമാദ്ധ്യമ പേജുകളും പ്ലേ സ്റ്റോറിൽ ആപ്പുമുള്ളത്.ആപ്പിലൂടെ എല്ലാ ടിക്കറ്റും ലഭിക്കും.കേരളലോട്ടറിയുടെ ടിക്കറ്റ് നിരക്കാണ് ഓൺലൈനായും ഈടാക്കുന്നത്.

വ്യാജ റിസൾട്ട് കാട്ടി

ജി.എസ്.ടി ചോദിക്കും

1.കേരളം ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40രൂപ മുടക്കിയാൽ 12കോടി വരെ നേടാമെന്നാണ് സന്ദേശം. സന്ദേശത്തിലെ നമ്പറിലേക്ക് 40രൂപ ഗൂഗിൾപേ ചെയ്താൽ വാട്സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം ലഭിക്കും.

2. നറുക്കെടുപ്പ് കഴിയുമ്പോൾ കൃത്രിമമായി നിർമ്മിച്ച ഫലം തട്ടിപ്പുകാർ വാട്സ് ആപ്പിൽ അയക്കും. കൈവശമുള്ള ടിക്കറ്റിന് മികച്ച സമ്മാനം ലഭിച്ചതായി അതിലുണ്ടാകും. വിശ്വസിപ്പിക്കാൻ സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിക്കും.

3. സമ്മാനത്തുക ലഭിക്കാൻ ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയായി പണം ആവശ്യപ്പെടും.

പണം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താൽ ചിലർ മുങ്ങും. മറ്റുചിലർ റിസർവ് ബാങ്കിൽ നിന്ന് സമ്മാനത്തുക വിട്ടുനൽകാൻ കൂടുതൽ പണം ആവശ്യപ്പെടും.

വിളിക്കാം 1930
വ്യാജഭാഗ്യക്കുറിയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കേരളപൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.