തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി റോഡ് നിർമ്മാണത്തിനിടെ പഴയ ഓടയ്ക്ക് മുകളിൽ സ്ളാബിടാനുള്ള ശ്രമം തടഞ്ഞ് ചാലയിലെ വ്യാപാരികൾ.എന്നാലിരിക്കട്ടെ ഒരുപണിയെന്ന് സ്‌മാർട്ട്സിറ്റി ടീം. മലിനജലം നിറഞ്ഞ ഓട തുറന്നുതന്നെയിട്ട് പണി നിറുത്തി. തുറന്നുകിടക്കുന്ന ഓടകളിലേക്ക് നോക്കിയാലോ ചത്ത എലികൾ,​ കൊതുകിന്റെ പട,​ ആർക്കുന്ന ഈച്ചകൾ... ഈ ഈച്ചകൾ കടകളിലേക്കും ഇരച്ചുകയറുകയാണ്.

കൊത്തുവാൾ സ്ട്രീറ്റിലെ വ്യാപാരികൾക്കാണ് മലിനജലം നിറഞ്ഞ ഓടകൾക്ക് മുന്നിലിരുന്ന് കച്ചവടം നടത്തേണ്ട ഗതികേട്. പുതിയ ഓട നിർമ്മിക്കേണ്ടതിനു പകരം പഴയ ഓടയ്ക്ക് മുകളിൽ സ്ളാബിടാനുള്ള ശ്രമമാണ് ശനിയാഴ്ച വ്യാപാരികൾ തടഞ്ഞത്. സ്‌മാർട്ട് സിറ്റി അധികൃതരുമായി സംസാരിച്ചെങ്കിലും അന്നുമുതൽ പണിനിറുത്തിവച്ച് നിസഹകരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

റോഡിന്റെ ഒരുവശത്തെ കരിപ്പട്ടിക്കട ജംഗ്ഷൻ മുതൽ സന്നിധിമുക്ക് വരെ പഴയ ഓട നൂറ് മീറ്ററിലേറെ തുറന്നുകിടക്കുകയാണ്. മത്സ്യമാർക്കറ്റിൽ നിന്നുൾപ്പെടെ മലിനജലം ഈ ഓടകളിലേക്കാണെത്തുന്നത്. നഗരത്തിൽ ഗുരുതര പകർച്ചപ്പനികൾ വ്യാപിക്കുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ.

ഓടയിൽ ഒളിച്ച ചതി

320 മീറ്ററോളം വരുന്ന സ്ട്രീറ്റിന്റെ ഒരുവശത്ത് പുതിയ ഓട നിർമ്മിച്ചിട്ടുണ്ട്.പുതിയ ഓടയ്ക്കും പലയിടത്തും മൂടിയില്ല. അവിടെയും കൊതുകും പുഴുവും ഈച്ചയും നിറഞ്ഞ മലിനജലം കെട്ടിക്കിടപ്പാണ്. ഓരോ മഴ പെയ്യുമ്പോഴും സ്ഥിതി വഷളാവുകയാണ്.

ഒൻപത് മാസമായി ചാലയിൽ സ്മാർട്ട്സിറ്റി റോ‌ഡ് നിർമ്മാണം തുടങ്ങിയിട്ട്. മാർക്കറ്റിനുള്ളിലേക്ക് വാഹനങ്ങൾക്കോ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കോ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. വ്യാപാരികളുടെ നിരന്തര പ്രതിഷേധത്തിനൊടുവിലാണ് നിർമ്മാണത്തിന് വീണ്ടും ജീവൻ വച്ചത്.ഓണത്തിന് മുൻപ് റോഡ് കോൺക്രീറ്റ് ചെയ്ത് തരാമെന്ന് പറഞ്ഞപ്പോൾ 'ഓട വഴി' ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.