hi

കിളിമാനൂർ: മലയാളിയുടെ കാർഷികവൃത്തിയുടെ ഭാഗമായിരുന്ന കാളയും കലപ്പയുമൊക്ക അന്യമായിട്ട് കാലങ്ങളായെങ്കിലും കിളിമാനൂർ ബ്ലോക്ക് പരിധിയിലെ ആറുകാഞ്ഞിരം ഏലായിൽ നടന്ന മരമടി മത്സരം കാണികൾക്കും കർഷകർക്കും ഉരുക്കളുമായെത്തിയവർക്കും ആവേശമായി. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണാർത്ഥമാണ് മരമടി മത്സരം സംഘടിപ്പിച്ചത്.

ഒരുകാലത്ത് ചിങ്ങം പിറക്കുന്നതോടെ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ കാളകളെ കൊണ്ട് മരമടി മത്സരം സംഘടിപ്പിച്ചിരുന്നു. നിയമ പ്രശ്നങ്ങളടക്കം വിവിധ കാര്യങ്ങളാൽ അന്യംനിന്ന അവസ്ഥയിലായി മരമടിയും അതുമായി ബന്ധപ്പെട്ട മത്സരവും. കാർഷിക ആവശ്യത്തിനും മത്സരത്തിനും മാത്രമായി ഉരുകളെ മക്കളെപ്പോലെ വളർത്തുന്ന നിരവധി കുടുംബങ്ങൾ ഗ്രാമീണ മേഖലകളിൽ ഒരുകാലത്ത് ഉണ്ടായിരുന്നു.

വയലുകൾ നികത്തിയതോടൊപ്പം നെൽകൃഷി ശോഷിച്ചതും ഉരുക്കളെ വളർത്തുന്നത് വീടുകളിൽ നിന്നും അപ്രത്യക്ഷമായി. അവശേഷിക്കുന്ന നെൽവയലുകളിൽ നിലം ഉഴുകുന്നത് ട്രാക്ടറാണ്.

അവശേഷിപ്പായി കലപ്പയും നുഖവും

ഒരിക്കൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉണ്ടായിരുന്ന കിളിമാനൂർ, അടയമൺ,പള്ളിക്കൽ മടവൂർ മേഖലകളിൽ നിരവധി കുടുംബങ്ങളിൽ കാളകളെ വളർത്തിയിരുന്നു.അതിന്റെ അവശേഷിപ്പായി കലപ്പയും നുഖവും പല വീടുകളിലും അവശേഷിക്കുന്നു.മരമടി മത്സരങ്ങൾ മൂന്ന് തരത്തിലാണ് നടത്തിയിരുന്നത്. കയറിട്ടുള്ളവ, വേഗത,ചാമ്പ്യൻ എന്നിങ്ങനെയാണ് മത്സരയിനം.

മത്സരം സംഘടിപ്പിക്കാം

മറ്റു ജില്ലകളിൽ നിന്നും ഓണനാളുകളിൽ മത്സരത്തിൽ പങ്കെടുക്കാനും കാണാനും ആളുകൾ വയലിലേക്ക് ഒഴുകിയെത്തിയിരുന്നു. കൃഷി മറന്ന പുതുതലമുറയ്ക്ക് കാർഷിക സംസ്കാരം മനസിലാക്കാനും കാളയെക്കൊണ്ട് നിലം ഉഴുകുന്നത് കാണാനും കലപ്പയും നുഖവുമൊക്കെ പരിചയപ്പെടാനും ഓണം നാളുകളിലെങ്കിലും ഇത്തരം മത്സരം സംഘടിപ്പിക്കാം.