തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾക്ക് താത്കാലിക ടി.സി നമ്പർ (യു.എ) ലഭിച്ചാൽ അവസാന ഗഡു അനുവദിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന തദ്ദേശ അദാലത്തിലാണ് സാധരണക്കാർക്ക് ആശ്വാസമാകുന്ന തീരുമാനം. നിലവിൽ ടി.സി നമ്പർ ലഭിച്ചാലേ അവസാന ഗഡു അനുവദിക്കൂ. പെർമിറ്റ് പ്രകാരമല്ലാതെ വീട് നിർമ്മിച്ചാലോ നിയമം ലംഘിച്ചാലോ ടി.സി ലഭിക്കില്ല. അനധികൃതമെങ്കിലും ഗുരുതര പ്രശ്നങ്ങളില്ലാത്ത ചെറിയ വീടുകൾക്ക് പ്രത്യേക പരിഗണന നൽകി താത്കാലിക ടി.സി നമ്പർ നൽകുന്നുണ്ട്. ഈ നമ്പർ ലഭിക്കുന്ന ലൈഫ് ഗുണഭോക്താക്കൾക്ക് അവസാനഗഡു അനുവദിക്കാനാണ് തീരുമാനിച്ചത്. മംഗലപുരം പഞ്ചായത്തിലെ സ്റ്റാൻലി, ജെസി സ്റ്റാൻലി എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി പൊതുതീരുമാനമെടുത്തത്.