ഡോ. വി. വേണു 31ന് ഒഴിയുമ്പോൾ ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി പ്ളാനിംഗ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആഗസ്റ്റ് 31ന് ഒഴിയുമ്പോൾ ചുമതലയേൽക്കും. ശാരദയ്‌ക്ക് 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്.

ഡോ. വി. വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരൻ. ഭർത്താവിൽ നിന്ന് ഭാര്യ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നുവെന്ന കൗതുകമുണ്ട്.

നേരത്തെ വി. രാമചന്ദ്രൻ - പത്മരാമചന്ദ്രൻ, ബാബുജേക്കബ് - ലിസിജേക്കബ് എന്നീ ഐ.എ.എസ് ദമ്പതികൾ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയിട്ടുണ്ടെങ്കിലും ഭർത്താവിന് തൊട്ടുപിന്നാലെ ഭാര്യയും അതേ കസേരയിലെത്തുന്നത് അപൂർവതയായി.

ഡോ. വി. വേണുവും ശാരദ മുരളീധരനും 1990 സിവിൽ സർവ്വീസ് ബാച്ചുകാരാണ്. ഇവരെക്കാൾ സീനിയോറിറ്റി മനോജ് ജോഷിക്കു മാത്രമാണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷിക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിവരാൻ താത്പര്യം ഇല്ലാത്തതിനാലാണ് ശാരദ മുരളീധരന് അവസരം ലഭിച്ചത്.

തിരുവനന്തപുരത്ത് തൈക്കാട് എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകരായ ഡോ. കെ.എ. മുരളീധരന്റേയും കെ.എ.ഗോമതിയുടേയും മകളാണ്. എസ്.എസ്.എൽ.സി പരീക്ഷയിലും എം.എക്കും ( കേരള യൂണിവേഴ്സിറ്റി ) ഒന്നാം റാങ്കോടെയാണ് വിജയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി.എച്ച്ഡി ചെയ്യുമ്പോഴാണ് സിവിൽ സർവീസിലെത്തിയത്. നർത്തകിയായ കല്യാണിയും ചിത്രകാരനായ ശബരിയുമാണ് മക്കൾ.