കല്ലറ: പെൻഷൻ ഉപഭോക്താവ് മരിച്ചിട്ടും ഒരു വർഷത്തോളം വാർദ്ധക്യ പെൻഷൻ തുടർന്നും വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. പാങ്ങോട് പഞ്ചായത്തിൽ മുളകിട്ടകാട്ടിൽ ഷൈനാ മൻസിലിൽ ഷിഹാബുദീന്റെ മകൻ ഷാനവാസാണ് ധനകാര്യ മന്ത്രിക്ക് പരാതി നൽകിയത്. സർവീസ് സഹകരണ ബാങ്ക് വഴി ഷിഹാബുദീന്റെ വീട്ടിലാണ് പെൻഷൻ എത്തിച്ചിരുന്നത്. 2023 ആഗസ്റ്റ് 28ന് ഷിഹാബുദീൻ മരിച്ചു. ബന്ധുക്കൾ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ,​ ഷിഹാബുദീന്റെ പേരിലുള്ള പെൻഷൻ ഈ വർഷം ഫെബ്രുവരി വരെ വിതരണം ചെയ്തതായി രേഖകളിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയ​ത്. അതേസമയം പെൻഷൻ തുക ഷിഹാബുദീന്റെ ബന്ധുക്കൾക്ക് ലഭിച്ചതുമില്ല. ഷിഹാബുദീന്റെ പെൻഷൻ റദ്ദാക്കാൻ ആശ്രിതരോ സഹകരണ ബാങ്കിൽ നിന്ന് അറിയിപ്പോ ലഭിച്ചിരുന്നില്ല. പെൻഷന്റെ ഡിബിറ്റി വിതരണം സംബന്ധിച്ച വിവരങ്ങൾ സേവന സൈറ്റിൽ പരിശോധിച്ചപ്പോൾ പെൻഷൻ തുക കൈമാറിയതായി കണ്ടെത്തുകയായിരുന്നു. പരാതി സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിന് പാങ്ങോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് കത്ത് നൽകിയതായി പഞ്ചായത്തിലെ പെൻഷൻ വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാങ്ങോട് പഞ്ചായത്ത് ധനകാര്യ വകുപ്പ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, സഹകരണ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.