തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂർ മാടമ്പള്ളികോണം മഞ്ജുഭവനിൽ വിനോദിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി കൊല്ലം പരവൂർ നെടുങ്കോലം കച്ചേരിവിള വീട്ടിൽ കാട്ടുണ്ണി എന്ന ഉണ്ണിക്ക് വധശിക്ഷ. 4,61500 രൂപ പിഴയുമടയ്‌ക്കണം. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം അധികതടവനുഭവിക്കണം. മറ്റ് പ്രതികളായ കരിപ്പൂർ കാവിൻപുറം മഞ്ച ഗിരിജ ഭവനിൽ മഞ്ച കണ്ണൻ എന്ന കണ്ണൻ, തൊളിക്കോട് ഇരുതലമൂല മഠത്തിൻങ്കൽ രജിത് ബാബു, ആനാട് വലിയമല പൂങ്കാവനം ശാന്തി ഭവനിൽ ശരത്കുമാർ എന്നിവർക്ക് ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ചു. 4,61500 രൂപ വീതം പിഴയുമടയ്‌ക്കണം. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധിക തടവുമനുഭവിക്കണം.
പിഴത്തുക ഒടുക്കിയാൽ നാലുലക്ഷം വീതം കൊല്ലപ്പെട്ട വിനോദിന്റെ മാതാവ് ശ്രീകുമാരി, സഹോദരന്മാരായ ആർ. വിനീത്, ആർ. ബിജു എന്നിവർക്ക് നൽകണം. പരിക്കേറ്റ അനസ്, സാഗർ എന്നിവർക്ക് മൂന്നുലക്ഷം വീതം നൽകണം. പരിക്കേറ്റ ഷാനവാസിന് 20,000 രൂപ നൽകാനും കോടതി നിർദ്ദേശിച്ചു.
തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പ്രസൂൺ മോഹനനാണ് ശിക്ഷവിധിച്ചത്. കൊടുംകുറ്റവാളിയായ കാട്ടുണ്ണി പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി വിലയിരുത്തി. കാട്ടുണ്ണി ഒരു കേസിൽ ജാമ്യത്തിലായിരുന്നപ്പോഴാണ് പ്രകോപനമില്ലാതെ വിനോദിനെ കൊന്നത്. മാനസാന്തരത്തിനും സാധാരണജീവിതത്തിനും കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. വിവിധ ജയിലുകളിലെ സഹതടവുകാരെ ആക്രമിച്ചതിനടക്കം കാട്ടുണ്ണിക്കെതിരെ കേസുകളുണ്ട്.
കൈമുറിഞ്ഞോ എന്ന് ചോദിച്ചതിന് കുത്തിക്കൊന്നു
2016 ജനുവരി 31ന് കൊല്ലപ്പെട്ട വിനോദും സുഹൃത്തുക്കളായ ഷാനവാസും സാഗറും മറ്റൊരു സുഹൃത്തായ അനസിന്റെ ചികിത്സയ്ക്കായി നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. രജിത് ബാബുവും കൈയിലെ മുറിവിന് ഇവിടെ ചികിത്സതേടിയെത്തി. രജിതിനോട് എങ്ങനെ കൈമുറിഞ്ഞെന്ന് അനസ് ചോദിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. തുടർന്ന് പ്രതികൾ അനസിനെ ആശുപത്രിക്ക് പുറത്തേക്ക് വലിച്ചുകൊണ്ട് പോകുന്നത് തടയുന്നതിനിടെയാണ് വിനോദിനും സുഹൃത്തുക്കൾക്കും കുത്തേറ്റത്. വയറിൽ ഗുരുതരമായി മുറിവേറ്റ വിനോദ് അടുത്തദിവസം രാവിലെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.