തിരുവനന്തപുരം: കൊച്ചിക്കും വിഴിഞ്ഞത്തിനും പിന്നാലെ കണ്ണൂരിൽ നിർമ്മിക്കുന്ന സംസ്ഥാനത്തെ മൂന്നാം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരട് പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
കേരള സർക്കാരിന്റെ സമ്പൂർണ ഉടമസ്ഥതയിലാവും തുറമുഖ നിർമ്മാണം. അതിനായി മുഖ്യമന്ത്രി ചെയർമാനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചിട്ടുണ്ട്.
അവർക്ക് വേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) ആണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർവികസനത്തിൽ സർക്കാരിനുണ്ടാവുന്ന അധിക ബാധ്യത ഒഴിവാക്കാക്കാൻ കൺസഷണയറുടെ (കരാർ കമ്പനി ) വരുമാനത്തിന്റെ ഒരു ഭാഗം തുടക്കം മുതൽ സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. വിഴിഞ്ഞം മാതൃകയിൽ കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടും ലഭ്യമാക്കും.
നടപ്പ് ബഡ്ജറ്റിൽ പ്രാഥമിക ചെലവിന് 9.65 കോടി രൂപ വകയിരുത്തി. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, ബ്രേക്ക് വാട്ടർ നിർമ്മാണം, യൂട്ടിലിറ്റി ചെലവുകൾ, കൺസൾട്ടൻസി പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ പണം.
മലബാറിനാകെയും, ദക്ഷിണ കർണാടക ജില്ലകൾക്കും തുറമുഖം ഉപകാരപ്രദമാകും.
അഴീക്കൽ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെയായാണ് നിർദ്ദിഷ്ട തുറമുഖം. സംസ്ഥാനത്തെ ആദ്യഗ്രീൻഫീൽഡ് തുറമുഖമായിരിക്കും. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ 500മീറ്റർ ബെർത്തും തുടർന്ന് രണ്ട് ഘട്ടങ്ങളിലായി 300 മീറ്ററുള്ള രണ്ട് ബർത്തുമാണ് നിർമ്മിക്കുക.
തുറമുഖത്തിന്റെ ശേഷി
14.2 മീറ്റർ വരെ ആഴം. പനാമ കനാലിലൂടെ പോകുന്ന വൻ പനാമാക്സ് കപ്പലുകൾ അടുക്കും. 1,215 അടി നീളവും 168 അടി വീതിയുമുള്ള കപ്പലുകളിൽ 4500 കണ്ടെയ്നറുകൾ കയറ്റാം. വിഴിഞ്ഞം തുറമുഖവുമായി താരതമ്യം ചെയ്താൽ മൂന്നാം സ്ഥാനത്ത്. വിഴിഞ്ഞത്ത് സൂപ്പർ പനാമാക്സ് കപ്പലുകൾക്ക് വരാം. അതിനു താഴെ പോസ്റ്റ് പനാമാക്സ് കപ്പലുകളാണ്. അതിനും താഴെയായാണ് പനാമാക്സ് കപ്പലുകൾ.കണ്ടെയ്നറുകൾ, ലിക്വിഡ് ബൾക്ക്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഡ്രൈ ബൾക്ക് / ബ്രേക്ക് ബൾക്ക് കാർഗോ തുടങ്ങിയവ കൈകാര്യം ചെയ്യാം.
വമ്പന്മാർ കൊച്ചിയും വിഴിഞ്ഞവും
നിലവിൽ സംസ്ഥാനത്ത് കൊച്ചിയാണ് പ്രധാന തുറമുഖം. വിഴിഞ്ഞം തുടങ്ങുന്നതോടെ രണ്ട് തുറമുഖങ്ങളാവും. നാല് ഇടത്തരം, 13 മൈനർ, ഒരു ഉൾനാടൻ അടക്കം മറ്റ് 19 തുറമുഖങ്ങളുണ്ട് കേരളത്തിൽ. വർഷം 431കപ്പലുകളാണ് വന്നു പോകുന്നത്. വിഴിഞ്ഞം വരുന്നതോടെ ഇത് ഇരട്ടിയാകും.
പഠന മുറി പദ്ധതി
പ്ലസ് വൺ പെൺകുട്ടികൾക്ക്
പ്രത്യേക പരിഗണന
തിരുവനന്തപുരം: പഠന മുറി പദ്ധതിയിൽ പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ഒ.ആർ കേളു. വകുപ്പുകളുടെ പദ്ധതി നിർവഹണം കാര്യക്ഷമമാക്കും. വ്യക്തിഗത പദ്ധതികളിലെ പുരോഗതി അംബേദ്കർ ഗ്രാമം പോലുള്ള വലിയ പദ്ധതികളുടെ നടത്തിപ്പിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് പദ്ധതികളുടെ ജില്ലാതല അവലോകനയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിശോധിക്കും.
കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പട്ടികജാതി-വർഗ സങ്കേതങ്ങളിൽ ഉറപ്പാക്കും. മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ പരിഹാരമായി സർക്കാരും വകുപ്പും സാദ്ധ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പദ്ധതി നിർവഹണം കൃത്യമായി നടത്തണമെന്നും ഫണ്ട് വിനിയോഗം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
വകുപ്പുകളുടെ താഴെതട്ടിൽ നിന്നും പ്രവർത്തനങ്ങൾ ബലപ്പെടുത്തും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി നടത്തുന്ന ഹോം സർവേകൾ ഫലപ്രദമാക്കുന്നതിനും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പുകൾ പൂർണമായും ഇ-ഫയൽ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.