വിഴിഞ്ഞം: വിഴിഞ്ഞം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങൾ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് തലകീഴായി മറിഞ്ഞു, രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഫ്രെഡി(45), പൂന്തുറ ആലുകാട് മദർതെരേസ നഗറിൽ ക്ലീറ്റസ്(54), എന്നിവരെയാണ് കടലിൽ കാണാതായത്. രണ്ട് വള്ളങ്ങളിലായി 7 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രക്ഷപെട്ട അഞ്ച്പേരിൽ രണ്ടുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ലീറ്റസ് ഉൾപ്പെടെ 4 അംഗ സംഘം സഞ്ചരിച്ച വള്ളത്തിലെ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രാജൻ(55), കുമാർ(50) ലിജു(30) എന്നിവരെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കാണാതായ ഫ്രെഡിക്കൊപ്പമുണ്ടായിരുന്ന മൈക്കേൽ(60), രാജു( 35) എന്നിവരെ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് മറൈൻ ആംബുലൻസ് പ്രതീക്ഷ എത്തി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ മൈക്കേൽ, രാജു എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലയിട്ടശേഷം വള്ളത്തിലിരിക്കവേ ശക്തമായിഅടിച്ച തിരയിൽ വള്ളങ്ങൾ തല കീഴായി മറിഞ്ഞത്. ഇരുട്ടായതിനാൽ കാണാൻപറ്റിയില്ലന്നും ഒപ്പമുള്ളവർക്കൊപ്പം കൈകൾ കോർത്ത് പിടിച്ച് കിടക്കവേയാണ് ക്ലീറ്റസിനെ കാണാതായതെന്ന് രക്ഷപ്പെട്ട ലിജു പറഞ്ഞു. പുലർച്ചയോടെയാണ് മറ്റൊരു വള്ളം രക്ഷക്കെത്തിയത്.
ഇതേ സമയത്താണ് ഫ്രെഡി ഉൾപ്പെടെ 3 അംഗ സംഘത്തിന്റെ വള്ളവും മറിഞ്ഞത്. ഈ വള്ളത്തിൽ നിന്നും രക്ഷപെട്ട രണ്ടുപേർ അവശരായതോടെ മറിഞ്ഞ വള്ളത്തിനു മുകളിൽ കയറി. ഒഴുകിനടക്കുന്നതിനിടയിലാണ് രക്ഷാ ബോട്ട് ഇവരെ കണ്ടെത്തുന്നത്. തുടർന്ന് മറൈൻ ആംബുലൻസിൽ കരയിലെത്തിക്കുകയായിരുന്നു.