movie

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് സാസ്കാരിക, ആഭ്യന്തര വകുപ്പുകൾ ആലോചിച്ചെങ്കിലും ഉന്നത ഇടപെടലുകൾ കാരണം ഉപേക്ഷിച്ചതായി സൂചന.

റിപ്പോർട്ട് സാസ്കാരിക വകുപ്പ് ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. അവിടെ നിന്നും ഡി.ജി.പിക്കും ലഭിച്ചു. തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശവും കേന്ദ്ര സർക്കാരിന്റെ ഉത്തരവും പാലിച്ച് കർശന നടപടിയെടുക്കണമെന്നായിരുന്നു കമ്മറ്റിയുടെ നിർദേശം. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നടന്മാരുടെ ഫാൻ ക്ലബുകൾ നടിമാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഐപിസി 354 അനുസരിച്ച് കേസെടുക്കണമെന്നായിരുന്നു മറ്റൊരു നിർദേശം.. ഇതനുസരിച്ചുള്ള നടപടികൾ പൊലീസ് ആലോചിച്ചപ്പെഴായിരുന്നു ഉന്നത ഇടപെടലുകൾ..

കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച വേളയിൽ തന്നെ ഇത് പുറത്തുവരാതിരിക്കാനുള്ള മുൻകരുതലുകൾ ഒരു സംഘം ഉറപ്പാക്കിയിരുന്നു. കമ്മിറ്രിയുമായി സഹകരിച്ചവരിൽ ചിലരെ സ്വാധീനിക്കാനുള്ള ശ്രമവും നടന്നിരുന്നു.

കുറ്റകൃത്യങ്ങൾ തെളിയിക്കാനുതകുന്ന 70ൽപരം രേഖകൾ ഹേമ കമ്മിറ്റി ശേഖരിച്ചിട്ടുണ്ടെന്ന് പ്രധാന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വാട്സാപ് ചാറ്റുകൾ, ഓഡിയോ– വിഡിയോ ക്ലിപ്പുകൾ എന്നിവ സ്ത്രീകൾ കമ്മിറ്റിക്കു കൈമാറി. . മൊഴികളിൽ ചിലത് കമ്മിറ്റി വിഡിയോയിൽ പകർത്തുകയും ഇവ പെൻഡ്രൈവിലും സിഡികളിലുമാക്കുകയും ചെയ്തതാണ് മറ്റൊരു വിഭാഗം. മൊഴികളുടെ പകർപ്പുകളാണ് മൂന്നാമത്തേത്. ഇതു കൂടാതെ വിവിധ സ്രോതസുകളിൽ നിന്നായി കമ്മിറ്റിക്കു ലഭിച്ച രേഖകളാണ് നാലാം വിഭാഗം. ഇവയെല്ലാം ഉൾപ്പെടുന്ന അനുബന്ധം വിവരാവകാശനിയമപ്രകാരം പുറത്തു വിട്ടിരുന്നില്ല. സ്വകാര്യതയെയും വ്യക്തിസുരക്ഷയെയും ബാധിക്കുന്ന കാരണത്താലാണിത്.

, ഈ രേഖകൾ സൂക്ഷിച്ചിരുന്നത് സെക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിന്റെ ലോക്കറിലാണ്. ഒരു പകർപ്പ് നിയമവകുപ്പിലേക്കു പരിശോനയ്ക്കും വിശകലനത്തിനുമായി കൈമാറിയിരുന്നു. മറ്റൊന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയത്.