sivankutty

കഴക്കൂട്ടം:കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായ മകളെ കാത്ത് മനമുരുകി കഴിയുകയാണ് അസാം സ്വദേശികളായ അൻവർ ഹുസൈനും ഭാര്യ ഫർവിൻ ബീഗവും. ഒൻപതും ആറും വയസുള്ള സഹോദരികളിമായിട്ടുള്ള വഴക്കിൽ മാതാവ് മൂത്ത മകളായ തസ്‌മിത്തിനെ ശകാരിച്ചിരുന്നു. ഒരു ചെറിയ അടിയും നൽകി. ഇതിൽ മനംനൊന്താണ് 13 കാരിയായ തസ്‌മിത്ത് തംസും നാടുവിട്ടത്. ഒൻപത് വയസുള്ള മകളെയും കൂട്ടി അമ്മ തൊട്ടടുത്തുള്ള സ്കൂളിൽ ജോലിക്ക് പോയിട്ട് ഉച്ചയ്ക്ക് മടങ്ങി വന്നപ്പോൾ ഇളയ മകൾ പറഞ്ഞു ചേച്ചി കരഞ്ഞുകൊണ്ട് ബാഗുമെടുത്ത് പോയെന്ന്.

രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു. കരഞ്ഞുകലങ്ങി കണ്ണീരു വറ്റിയ കണ്ണുകളുമായി മാതാപിതാക്കൾ വീട്ടുമുറ്റത്ത് ഒരേയിരുപ്പാണ്. വഴക്കു പറഞ്ഞതിന്റെ പേരിൽ മകൾ നാടുവിട്ടുപോകുമെന്ന് ഒരിക്കലും അച്ഛനും അമ്മയും കരുതിയില്ല. ആശ്വസിപ്പിക്കാൻ ഇന്നലെ വീട്ടിലെത്തിയ മന്ത്രി വി. ശിവൻകുട്ടിക്കു മുന്നിൽ അൻവറും ഭാര്യയും സങ്കടം സഹിക്കാവയ്യാതെ പൊട്ടിക്കരഞ്ഞു. വീടുവിട്ടിറങ്ങിയപ്പോൾ കൈയിൽ ആകെ ഉണ്ടായിരുന്നത് വെറും 50 രൂപയാണ്. ഈ ചെറിയ തുക കൊണ്ട് മകൾ എങ്ങനെ കഴിയുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു.

പെട്ടെന്ന് ദേഷ്യംവരുന്ന സ്വഭാവക്കാരി

പെട്ടെന്ന് ദേഷ്യംവരുന്ന സ്വാഭാവക്കാരിയാണ് തസ്മിത്ത്. എങ്കിലും ചെറുപ്രായത്തിൽ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അസാമികളാണെങ്കിലും തസ്മിത്തിനെ കാണാനില്ലെന്ന വാർത്ത പരന്നതോടെ ജന പ്രതിനിധികളടക്കം ധാരാളംപേർ കഴക്കൂട്ടത്തെ വാടക വീട്ടിലേക്ക് എത്തുന്നുണ്ട്. മൂന്നുമക്കളെ കൂടാതെ ഒരു മകൻ ബംഗളൂരുവിലാണ്. തസ്മിത്ത് അവിടേക്ക് പോയിട്ടുണ്ടോയെന്നും വീട്ടുകാർ സംശയിക്കുന്നുണ്ട്.

സാദ്ധ്യമായതെല്ലാം ചെയ്യും:ശിവൻകുട്ടി

കുട്ടിയെ കണ്ടെത്തുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവുന്നതെല്ലാം ചെയ്യുമെന്ന് മാതാപിതാക്കളെ സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടി ഉറപ്പ് നൽകി. കുട്ടി അപ്രത്യക്ഷമായ സംഭവത്തെ പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നാലു ടീമുകളായി തിരിച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. കുട്ടിയും അമ്മയും തമ്മിലുള്ള ചെറിയ പ്രശ്നം ആണെന്നും കുട്ടി വികാരഭരിതയായി ഇറങ്ങി പോയതാണെന്നും അദ്ദേഹം പറഞ്ഞു. ആരും ലേബർ കാർഡ് എടുക്കാൻ പറഞ്ഞാൽ എടുക്കില്ലെന്നും കുട്ടിയുടെ കുടുംബത്തിന് ലേബർ കാർഡ് ഇല്ലെന്നും മന്ത്രി പറഞ്ഞു.

പൊലീസിൽ വിശ്വാസം: കുട്ടിയുടെ മാതാവ്

പൊലീസിൽ വിശ്വാസമുണ്ടെന്ന് കുട്ടിയുടെ മാതാവ് ഫർവിൻ ബീഗം പറഞ്ഞു. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു.വീട് മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടെത്താനായില്ല. സമീപത്തെ കടകളിലും ഇടവഴികളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്.