photo

തിരുവനന്തപുരം:സുഹൃത്തുക്കളിലേക്കും ശിഷ്യരിലേക്കും ഉന്മേഷവും വിജ്ഞാനദാഹവും പ്രസരിപ്പിച്ച പ്രതിഭയായിരുന്നു ഇന്നലെ വിടപറഞ്ഞ ടി.കെ.കൊച്ചുനാരായണൻ. സാഹിത്യവും ശാസ്ത്രവും ഒരുപോലെ വഴങ്ങുമായിരുന്ന ആ പ്രതിഭ, പരിചയക്കാർക്കും പരിഷത്ത് പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കൊച്ചുമാഷായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഏറ്റവും ഊ‌ർജ്ജസ്വലമായ മുഖമായിരുന്ന അദ്ദേഹം ആദ്യകാലത്ത് പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. പരിഷത്തിന്റെ പുസ്തക പ്രസിദ്ധീകരണ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും പ്രവർത്തനമികവും സഹപ്രവർത്തകർക്ക് ഇന്നും ഊർജ്ജമാണ്.

ടി.കെ.കൊച്ചുനാരായണൻ, കെ.കെ.കൃഷ്ണകുമാർ, പരേതനായ വി.ശ്രീകുമാർ, ആറ്റിങ്ങൽ രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘം പരിഷത്തിന്റെ ചരിത്രത്തിലെ മികച്ച അദ്ധ്യായങ്ങളിലൊന്നാണ്. മികച്ച സംഘാടകനായിരുന്ന അദ്ദേഹം, ഏറ്റെടുക്കുന്ന ജോലികളിൽ വലിപ്പച്ചെറുപ്പം കാണിക്കാറില്ലായിരുന്നു.അച്ചടി കഴിഞ്ഞെത്തുന്ന പരിഷത്തിന്റെ പുസ്തകങ്ങളിൽ റാപ്പർ ഒട്ടിക്കുന്ന ജോലിയും അദ്ദേഹം ചെയ്യുമായിരുന്നു. കണക്ക് ഇഷ്ടവിഷയമായിരുന്ന അദ്ദേഹം ഗണിതം എങ്ങനെ രസകരമായി പഠിപ്പിക്കാം എന്ന ചിന്തയിൽ വ്യാപൃതനായിരുന്നു. ആ ചിന്തകളുടെ ഫലമാണ് അദ്ദേഹം രചിച്ച ഗണിതശാസ്ത്ര പുസ്തകങ്ങൾ. ചീറാപ്പു കഥകൾ എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൂരദർശനു വേണ്ടി വി.കെ.എന്നുമായി അദ്ദേഹം നടത്തിയ അഭിമുഖം പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ജീവിതസായാഹ്നത്തിലും കർമ്മനിരതനായിരുന്ന അദ്ദേഹം സഹപ്രവർത്തകരെയും ശിഷ്യരെയും സുഹൃത്തുക്കളേയും വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ച വ്യക്തിത്വമായിരുന്നു.