തിരുവനന്തപുരം: ഐ.എ.എസ് പരിശീലന കാലയളവും പിഎച്ച്.ഡി പഠനവും ഒഴിച്ചു നിറുത്തിയാൽ ജീവിതത്തിന്റെ ഭൂരിഭാഗവും തലസ്ഥാനത്തായിരുന്നു നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. സ്‌കൂൾ വിദ്യാഭ്യാസം ഹോളി ഏഞ്ചൽസ് സ്‌കൂളിലായിരുന്നു. പഠനത്തിൽ അതിസമർത്ഥയായിരുന്ന അവർ എസ്.എസ്.എൽ.സി ഒന്നാം റാങ്കോടെയാണ് പാസായത്. മാതാപിതാക്കൾ എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപകരായിരുന്നിട്ടും മികച്ച മാർക്കുണ്ടായിരുന്നിട്ടും തുടർപഠനത്തിന് തലസ്ഥാനത്തെ വിമൻസ് കോളേജ് തന്നെ തിരഞ്ഞെടുത്തു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയാണ് കോളേജിൽ നിന്ന് പടിയിറങ്ങിയത്. പിന്നീട് സിവിൽ സർവീസ് ലഭിച്ച ശേഷം അനന്തപുരിയുടെ സ്വന്തം കളക്ടറായും അവർ സേവനമനുഷ്ഠിച്ചു. 2006 മുതൽ 2012 വരെ കുടുംബശ്രീ മിഷനെ നയിക്കാനുള്ള അവസരമടക്കം ഏറെക്കാലം തലസ്ഥാനത്താണ് ചെലവഴിച്ചത്. കൊവിഡ് കാലത്തടക്കം തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യ സംസ്‌കരണ വിഭാഗത്തിൽ മികവുറ്റ പ്രവർത്തനമാണ് നടത്തിയത്.
സുമാനുഷത്തിൽ രണ്ടാമൂഴം
സ്ഥാനമൊഴിയാനൊരുങ്ങുന്ന ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ.വി വേണുവിനൊപ്പം തലസ്ഥാനത്ത് കവടിയാറിലെ ഔദ്യോഗിക വസതിയായ സുമാനുഷത്തിലാണ് ശാരദ താമസിക്കുന്നത്. ഈ മാസം വേണു സ്ഥാനമൊഴിഞ്ഞാലും ഇരുവരും അവിടെത്തന്നെ തുടരും. ചീഫ് സെക്രട്ടറിയാവും മുമ്പേ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയ ഐ.എ.എസ് ഉദ്യോഗസ്ഥയെന്ന പ്രത്യേകതയും ശാരദ മുരളീധരനും പദവിയൊഴിഞ്ഞിട്ടും ഔദ്യോഗിക വസതി ഒഴിയേണ്ടാത്ത മുൻ ചീഫ് സെക്രട്ടറി എന്ന പ്രത്യേകത വേണുവിനുമുണ്ട്.