കേരളത്തിലെ സിനിമാരംഗത്തെ സ്ത്രീകൾക്കെതിരായ ചൂഷണങ്ങളുടെ പച്ചയായ വിവരണം ഉൾക്കൊള്ളുന്ന ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. ഏറ്റവും തിളക്കമുള്ള മേഖലയിൽ നടക്കുന്ന സമ്പൂർണ്ണ പുരുഷാധിപത്യ പ്രവണതകളാണ് ഇരകളായ പലരുടെയും തുറന്ന് പറച്ചിലുകളിലൂടെ പുറം ലോകത്തെത്തിയത്. കാലങ്ങളായി തുടരുന്ന അനഭലഷണീയ പ്രവണതകളിൽ നിന്ന് സിനിമാരംഗത്തെ മോചിപ്പിക്കാൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന ശുപാർശകൾക്കുമാണ് അലകും പിടിയും നൽകേണ്ടത്. യാഥാർത്ഥ്യങ്ങൾ പല വിഗ്രഹങ്ങളെയും ഉടച്ചു കളയുമെങ്കിലും അവയെ അംഗീകരിക്കാതെ തരമില്ല.
കമ്മിഷൻ രൂപീകരണവും റിപ്പോർട്ട് സമർപ്പണവും
സിനിമാ മേഖലയിലെ പ്രമുഖ നടി കൊച്ചിയിൽ അതിക്രൂര ആക്രമണത്തിന് വിധേയായ സംഭവം കേരളത്തിന്റെ മന:സാക്ഷിയെ ഉലയ്ക്കുന്നതായിരുന്നു. അതേത്തുടർന്ന് സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ്(ഡബ്ല്യൂ.സി.സി) സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെയും നീതിനിഷേധങ്ങളെയും മറ്റ് പ്രശ്നങ്ങളെയും പറ്റിയും പഠിക്കാൻ 2017ൽ സർക്കാർ കമ്മിറ്റിക്ക് രൂപം നൽകിയത്. വിരമിച്ച ഹൈക്കോടതി ജഡ്ജി.കെ ഹേമയെ കൂടാതെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, സിനിമാതാരം ശാരദ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റി നിലവിൽ വരികയായിരുന്നു. രണ്ട് വർഷം സമയമെടുത്ത് മേഖലയിലെ സ്ത്രീകളുടെ സമസ്ത പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിച്ച്, ആളുകളെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി ഒരു സമഗ്ര റിപ്പോർട്ടാണ് കമ്മിറ്റി 2019ൽ സർക്കാരിന് നൽകിയത്. അന്നു തന്നെ അത് പുറത്ത് വിടണമെന്ന് വാദമുയർന്നെങ്കിലും സ്വകാര്യത ലംഘിക്കാനാവില്ലെന്ന പേരിൽ സർക്കാർ അതിന് തയ്യാറായിരുന്നില്ല.
റിപ്പോർട്ട് ഇരുട്ടിലായത് നാലര വർഷം
2019ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് പിന്നീട് നാലരവർഷം വെളിച്ചം കണ്ടില്ല. വിവരാവകാശ പ്രകാരം പലരും അപേക്ഷ നൽകിയെങ്കിലും മൊഴി നൽകിയവരുടെ സ്വകാര്യതമാനിച്ച് റിപ്പോർട്ട് പുറത്തു വിട്ടില്ല. കഴിഞ്ഞ നാലരവർഷവും റിപ്പോർട്ട് ആവശ്യപ്പെട്ട് നിരന്തരം നൽകിയ അപ്പീലുകളും കമ്മീഷൻ നൽകി. തുടർന്ന് എ. അബ്ദുൾ ഹക്കീം കമ്മിഷണറായി എത്തിയതോടെ ജൂലായ് അഞ്ചിന് റിപ്പോർട്ട് പുറത്ത് വിടാൻ അദ്ദേഹം ഉത്തരവിട്ടു. പിന്നെയും വന്നു തടസങ്ങൾ. റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാൻ മൊഴി കൊടുത്തവരടക്കം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജി ഹൈക്കോടതി തള്ളിയതോടെ ഒടുവിൽ റിപ്പോർട്ട് പുറത്തെത്തി. ഇപ്പോഴും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ കാണാമറയത്താണ്. സിനിമാരംഗത്തെ വഴിവിട്ട പ്രവണതകൾ വരച്ചിടുന്ന റിപ്പോർട്ട് നാലരവർഷം എന്തിന് ഒളിച്ചുവെച്ചുവെന്ന ചോദ്യവും ബാക്കിയാണ്.
എല്ലാവരും കുറ്റക്കാരല്ല
പുറത്ത വന്ന റിപ്പോർട്ട് സിനിമാരംഗത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടരുത്. സിനിമാക്കാരുടെ പളപളപ്പിനിടയിൽ അത്യദ്ധ്വാനം ചെയ്ത് കുടുംബം പുലർത്തുന്ന ലക്ഷങ്ങളുണ്ട്. അവർക്ക് സംരക്ഷണമൊരുക്കേണ്ടത് സമൂഹത്തിന്റെയും നിയമസംവിധാനത്തിന്റെയും കടമയാണ്. കൃത്യമായ വേതനവും സൗകര്യങ്ങളുമില്ലാതെ സിനിമാസെറ്റുകളിൽ ആക്ഷേപം സഹിച്ച് അന്നത്തെ അന്നത്തിന് വേണ്ടി ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്തും അധികാരപ്രയോഗം നടത്തുകയും ചെയ്യുന്നവരെയാണ് നിയമത്തിന് മുന്നിലെത്തിച്ച് നിലയ്ക്ക് നിറുത്തേണ്ടത്. എല്ലാ പുരുഷൻമാരും ഇത്തരം പ്രവണതകൾ കൊണ്ടു നടക്കുന്നവരല്ലെന്ന് ചിലരുടെ മൊഴികളിൽ നിന്ന് വ്യക്തമാണ്. സൂപ്പർ നായക താരങ്ങളും അത്തരം സംവിധായകരും അരങ്ങുവാഴുന്ന സിനിമയിൽ ഉടലെടുത്ത പുരുഷാധിപത്യ പ്രവണതകളുടെ ആകെത്തുകയാണ് സിനിമയ്ക്കുള്ളിലെ പുഴുക്കുത്തുക്കൾ. തൊഴിലിടത്തെ പീഡനങ്ങളെ കുറ്റകരമായി കണ്ട് ആഭ്യന്തര അന്വേഷണ സമിതികൾ രൂപീകരിക്കാൻ നിയമമുള്ള രാജ്യത്താണ് അധികാരശ്രണി രൂപീകരിച്ച് ലൈംഗിക ചൂഷണമടക്കം നിരവധി കുറ്റകൃത്യങ്ങൾ സിനിമയെന്ന ഇതേ തൊഴിലിടത്തിൽ അരങ്ങേറുന്നത്.
അസോസിയേറ്റ്, അസിസ്ന്റ്, ജൂനിയർ ആർട്ടിസ്റ്റ്
പഴയകാലത്തെ അടിമ വ്യവസ്ഥിതിയെക്കാൾ മോശമായതാണ് സിനിമാ രംഗത്തെ പുത്തൻ പ്രവണതകളെന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാവുന്നത്. അസോസിയേറ്റ്, അസിസ്റ്റന്റ്, ജൂനിയർ ആർട്ടിസ്റ്റ് എന്നീ പേരുകളിട്ട് വിളിക്കുന്നവർക്ക് കൃത്യമായ വേതനവും സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മൊഴികൾ പ്രകാരം ചില സെറ്റുകളിൽ ഇവർക്ക് ഭക്ഷണം പോലും ശരിയായി ലഭിക്കുന്നില്ലെന്നുമാണ് പുറത്ത് വന്ന വിവരങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. തൊഴിൽ നിയമങ്ങൾ പാടെ ലംഘിക്കപ്പെടുന്ന മേഖല സർഗാത്മകമായ പ്രവർത്തനങ്ങൾ നടക്കുന്നയിടമെന്നാണ് പലപ്പോഴും വിശേഷിലപ്പിക്കപ്പെടുന്നത്. പ്രമുഖർ എന്ന് വിശേഷണമുള്ള താരങ്ങൾ അടക്കി ഭരിക്കുന്ന സിനിമാ ലോകം പരിഷ്ക്കരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.
കുറ്റകൃത്യങ്ങൾ വെളിച്ചത്ത് വരണം
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളിൽ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാവുന്നതല്ലെങ്കിലും അന്വേഷണ വിധേയമാക്കേണ്ടതാണ്. മൊഴികളുടെ നെല്ലും പതിരും തിരിച്ച് കണ്ടെത്തപ്പെടുന്ന വസ്തുതകളെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കേണ്ടതുണ്ട്. മേഖലയിൽ ജോലി ചെയ്യുന്നവരെ നേരിൽക്കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിലെ ഓരോ സംഭവങ്ങളും സിനിമാ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതിന് അന്ധമായ ആരാധനയോ ആരുടെയെങ്കിലും താരപരിവേഷമോ തടസമായി ഉണ്ടാവരുത്. കുറഞ്ഞപക്ഷം പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും അന്വേഷണ കമ്മീഷന് നൽകിയ പണത്തിന്റെ ഉത്തരവാദിത്വമെന്ന നിലയിലെങ്കിലും അന്വേഷണം മികച്ച രീതിയിൽ നടത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.
സിനിമാമേഖലയെ ആകെ ഗ്രസിച്ചിരിക്കുന്ന മോശം പ്രവണതകൾ തിരുത്തപ്പെടേണ്ടതാണ്. അതിനുള്ള അവസരമാക്കി ഈ റിപ്പോർട്ട് മാറ്റുകയാണ് വേണ്ടത്. ആരെയും അധിക്ഷേപിക്കാനോ സമൂഹത്തിൽ വിലയിടിക്കാനോയുള്ള ഒരു ഉപകരണമായല്ല ഇതിനെ കാണേണ്ടത്. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളല്ല നടത്തേണ്ടതും. പ്രവർത്തിക്കുന്ന എല്ലാവർക്കും ജോലിക്കനുസൃതമായി കൂലിയും, തൊഴിലിടത്ത് വേണ്ട സൗകര്യങ്ങളും ലഭിക്കാവുന്ന ഒരു വ്യവസായമെന്ന നിലയിൽ സിനിമ മേഖല നിലനിൽക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. അതല്ലാതെ ഇരകളുടെ മറവിൽ വേട്ടക്കാർക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത് കാലത്തോടും നീതി ബോധവും നിയമസംവിധാനത്തെ അനുസരിക്കുന്നതുമായ ജനതയോടുള്ള വെല്ലുവിളിയാണ്. അതിനുമപ്പുറം സിനിമാലോകത്തെ പീഡനപർവ്വത്തിലകപ്പെട്ട പുരുഷമേധാവിത്വത്തിൽ കശക്കിയുടയ്ക്കപ്പെടുന്ന ആധികാര പ്രയോഗം കൊണ്ട് ശബ്ദം പോലും പുറത്തെത്തിക്കാൻ ത്രാണിയില്ലാത്തവരോട് ചെയ്യുന്ന വഞ്ചന കൂടിയായിരിക്കും.