വിതുര: പൊൻമുടി മലയടിവാരത്ത് മഴ തിമിർത്ത് പെയ്യുമ്പോഴും വാമനപുരം നദി നിറഞ്ഞൊഴുകുമ്പോഴും വിതുര മുളയ്ക്കോട്ടുകര നിവാസികൾ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. ഇവിടങ്ങളിൽ പൈപ്പ് ജലം ലഭിക്കാതെയായിട്ട് മൂന്ന് മാസത്തിലധികമായി.പൈപ്പ് തുറന്നാൽ വെള്ളത്തിന് പകരം കാറ്റാണ് വരുന്നത്.വെള്ളം കിട്ടുന്നില്ലെങ്കിലും ബിൽ മുടങ്ങാതെ കിട്ടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിനായി മുട്ടാത്ത വാതിലുകളില്ല.എം.എൽ.എയ്ക്കും പഞ്ചായത്തിലും വാട്ടർഅതോറിട്ടിക്കും നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ജലഅതോറിട്ടി വ്യക്തമാക്കി. അതേസമയം ജലവിതരണം സുഗമമാക്കാൻ ശക്തമായ സമരപരിപാടികൾ നടത്താനുള്ള തീരുമാനത്തിലാണ് മുളയ്ക്കോട്ടുകര നിവാസികൾ.

പൈപ്പ് പൊട്ടിയൊഴുകുന്നു

മുളയ്ക്കോട്ടുകര നിവാസികൾ കുടിനീരിനായി നെട്ടോട്ടമോടുമ്പോൾ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവ് കാഴ്ചയാണ്. വിതുര പഞ്ചായത്തിലെ ഏഴിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. വെള്ളം ഒഴുകി റോഡ് തോടായി മാറിയെന്ന് നാട്ടുകാർ പറയുന്നു.മാത്രമല്ല റോഡിൽ കുഴികളും രൂപപ്പെട്ടു. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പൊട്ടിയൊഴുകുന്നത്. ഇതുമൂലം പമ്പ് ചെയ്യുന്ന ലിറ്റർകണക്കിന് ശുദ്ധജലം നഷ്ടപ്പെടുന്നു. പൈപ്പ് പൊട്ടിയാൽ നന്നാക്കുന്നില്ലെന്നും പൊട്ടിയഭാഗം നന്നാക്കുമ്പോൾ വേറെ ഭാഗങ്ങളിൽ പൊട്ടുന്ന അവസ്ഥയാണുള്ളതെന്നു നാട്ടുകാർ പറഞ്ഞു.

വിതുര പഞ്ചായത്തിലെ മുളയ്ക്കോട്ടുകര മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ വാട്ടർഅതോറിട്ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഞ്ജുഷാ ആനന്ദ്,

വിതുര പഞ്ചായത്ത് പ്രസിഡന്റ്