തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ പൈപ്പിലെ വെള്ളം പാഴാക്കുന്ന കുഞ്ഞിപ്പ എന്ന കഥാപാത്രത്തെ നൈജീരിയക്കാരനായ സുഡു ശകാരിക്കുന്നുണ്ട്. കൊടുംവരൾച്ചയുള്ള നൈജീരിയയിൽ,​ സഹോദരി വെള്ളം ചുമന്ന് കുഴഞ്ഞുവീഴുന്നതായിരുന്നു സുഡുവിന്റെ മനസിൽ. 'വെള്ളമല്ലേ കളഞ്ഞോളു. അതിനിത്ര ചൂടാവേണ്ടതുണ്ടോ' എന്ന് ചോദിക്കുന്ന കുഞ്ഞിപ്പയിൽ ഒരു ശരാശരി മലയാളിയുണ്ട്. ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരങ്ങൾക്കൊപ്പം, ഉത്തരവാദിത്വത്തോടെയുള്ള ജലവിനിയോഗത്തിനും പ്രാധാന്യമുണ്ടെന്നതാണ് ഇത് വെളിവാക്കുന്നത്.

 ചോർത്തലും,​ പൊട്ടിക്കലും
ജനവാസ മേഖലകളിൽ നൽകേണ്ട കുടിവെള്ളം പൊന്നും വിലയിട്ട് ഫ്ലാറ്റുകളിലേക്ക് നൽകുന്നതായുള്ള ആരോപണം കാലങ്ങളായുണ്ട്. രാത്രികാലങ്ങളിലാണ് കരാറുകാരുടെ ഈ 'വെള്ളക്കടത്ത്'. ഒരു മേഖലയിലെ പൈപ്പുലൈനിലേക്കുള്ള വാൽവുകൾ മറ്റൊരു ലൈനിലേക്ക് തിരിച്ചുവിട്ട് ജലക്ഷാമം ഉണ്ടാക്കുന്ന സ്ഥിതിയുമുണ്ട്. അടിക്കടിയുണ്ടാവുന്ന പൈപ്പ്പൊട്ടലുകൾ കരാറുകാർ മുതലെടുക്കുന്നെന്ന ആരോപണവും ശക്തമാണ്. പൈപ്പ് പൊട്ടൽ പരിഹരിച്ച ശേഷമാണ് വകുപ്പിൽ ബിൽ നൽകുന്നതെന്നും ഇതിലൂടെ വൻതുക വെട്ടിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

 മാനദണ്ഡങ്ങളും വെള്ളത്തിൽ
പൈപ്പിടുന്നതിനുള്ള മാനദണ്ഡങ്ങൾ ഒന്നും കരാറുകാർ പാലിക്കുന്നില്ലെന്നും ഗുണമേന്മ പരിശോധിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങൾ വ്യാപകമാണ്. തിരുമല,പുത്തൻകട എന്നിവിടങ്ങിൽ മൂന്നുവർഷം മുമ്പിട്ട പ്രിമോപൈപ്പുകൾ പൊട്ടിയത് ഗുണമേന്മയില്ലാത്തതിനാലാണ്. കുടിവെള്ള പൈപ്പ് എപ്പോഴും സ്വിവറേജ് പൈപ്പിന് മുകളിലേ വരാവൂ. ഇവ ഒരേ ലെവലിലും വരാൻ പാടില്ല. ഇക്കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ജല അതോറിട്ടിയാണ്. മുംബയിൽ പ്രധാന പൈപ്പ്ലൈൻ ഭൂമിയ്ക്ക് മുകളിലൂടെയാണ് പോകുന്നത്. അതിനാൽ ചെറിയ ലീക്കുകൾ പോലും വേഗത്തിലറിയാം. കേരളത്തിൽ ഇതിന് പ്രായോഗികബുദ്ധിമുട്ടുകളുണ്ട്. വെള്ളത്തിൽ 20 - 30 ശതമാനം ചോർച്ച സ്വാഭാവികമാണ്. എന്നാൽ,​ കേരളത്തിലിത് 30 ശതമാനത്തിന് മുകളിലാണ്. ലീക്ക് - ഡിറ്റെക്ഷൻ - എക്യുപ്മെന്റുകൾ ഉപയോഗിക്കാൻ ജീവനക്കാരെ പരിശീലിപ്പിക്കുകയാണ് പോംവഴി.

 ജിയോടാഗിംഗ് ഗുണമാകും
ജിയോടാഗിംഗ് മുതൽ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയറുകൾ വരെ ജലവിതരണം കാര്യക്ഷമമാക്കാൻ സഹായിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. സോഫ്‌ട്‌വെയറിലൂടെ പൈപ്പിന്റെ സ്ഥാനം തിരിച്ചറിയാൻ സഹായിക്കുന്ന ജിയോടാഗിംഗ് അമൃത്പദ്ധതിയിൽ ഉപയോഗിക്കുന്നുണ്ട്. ഇത് വ്യാപിപ്പിക്കണം. ജില്ലയിലെ പൈപ്പ്കണക്ഷനുകൾ പല കാലങ്ങളിലായി സ്ഥാപിച്ചതാണ്. ഇവയെല്ലാം ഉൾക്കൊള്ളുന്ന മാപ്പ് നിലവിലില്ല. ചോർച്ച പരിഹരിക്കാനും റോഡുപണി നടക്കുമ്പോൾ പൈപ്പ്ലൈനുകൾ തിരിച്ചറിയാനും ഇത് വെല്ലുവിളിയാണ്. എ.ഐ ആശയങ്ങൾ വിദ്യാർത്ഥികളിൽ നിന്നുൾപ്പടെ ശേഖരിക്കാം.

 വൃത്തിയാക്കാൻ 10 ലക്ഷം ലിറ്റർ
ട്രീറ്റ്മെന്റ് പ്ലാന്റുകളിലെ ചെളിയും മണ്ണും വൃത്തിയാക്കാൻ പ്രതിദിനം 10 ലക്ഷം ലിറ്റർ വെള്ളം വരെ ചെലവാകുന്നുണ്ട്. ഈ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന റീഫിൽറ്ററിംഗ് എല്ലാ ട്രീറ്റ്മെന്റ് പ്ലാന്റുകളിലും നടപ്പാക്കണം. കൊൽക്കത്തയിൽ ശുദ്ധീകരിച്ച ജലവും അല്ലാത്തതും രണ്ടു ലൈനുകളിലൂടെയാണ് (ഡ്യുവൽ ഫേസ് സിസ്റ്റം) വീടുകളിലെത്തിക്കുന്നത്. ചെടികൾ നനയ്‌ക്കാനും വാഹനങ്ങൾ കഴുകാനും ശുദ്ധീകരിക്കാത്ത ജലം ഉപയോഗിക്കാം.

മൺവിള - പേരൂർക്കട ലൈനിൽ അമൃത്പദ്ധതിയിലുൾപ്പെടുത്തി സ്റ്റീൽപൈപ്പുകൾ സ്ഥാപിക്കും. തലസ്ഥാനത്തെ ഇടയ്‌ക്കിടെയുള്ള പൈപ്പുപൊട്ടലിന് ഇതോടെ പരിഹാരമാകും.തൈക്കാട്,വഴുതക്കാട് എന്നിവിടങ്ങളിലെ ഇന്റർകണക്ഷൻ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും.

റോഷി അഗസ്റ്റിൻ, ജലവിഭവവകുപ്പ് മന്ത്രി

കുഴൽകിണറുകൾ റീചാർജ് ചെയ്യണം. ജലസ്രോതസുകൾ മലിനമാക്കരുത്. മഴയുടെ 10 ശതമാനത്തിൽ താഴെയാണ് വിനിയോഗിക്കുന്നത്. മഴവെള്ളസംഭരണികളും മഴക്കുഴികളും വ്യാപിപ്പിക്കണം

കെ.പി.കൃഷ്ണകുമാർ, മുൻ ചീഫ് എൻജിനിയർ