രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 182 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇത് അപ്പാടെ വിഴുങ്ങാനുള്ള ശ്രമത്തിലാണ് കോർപ്പറേറ്റുകൾ. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും മുതലാളിത്ത വർഗവും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടായ 'ചങ്ങാത്ത മുതലാളിത്ത"ത്തിന്റെ ഭീകരതകളെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, അതേസമയം ബാങ്ക് ദേശസാൽക്കരണം മുന്നോട്ടുവച്ച ആശയങ്ങളെയും ലക്ഷ്യങ്ങളെയും കുഴിവെട്ടി മൂടുകയും ചെയ്യുന്ന നയങ്ങളും പ്രവൃത്തികളുമാണ് കേന്ദ്ര സർക്കാരിൽ നിന്ന് തുടരെ ഉണ്ടാകുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ആയി 1921 മുതൽ പ്രവർത്തിച്ചിരുന്ന ഇംപീരിയൽ ബാങ്ക് ഒഫ് ഇന്ത്യ ദേശസാത്കരിക്കപ്പെട്ട്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആയി മാറിയത് 1955-ലാണ്. 1949 മുതൽ കറൻസി നോട്ടുകളുടെ പുറത്തിറക്കലും ബാങ്കുകളുടെ നിയന്ത്രണവും ബാങ്കിംഗ് മേഖലയിലെ നയരൂപീകരണവുമൊക്കെ റിസർവ് ബാങ്കിന്റെ ചുമതലയിലാണ്.
എന്നാൽ, വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ബാങ്കുകൾക്ക് നൽകിയിരിക്കുകയാണ്. ഓരോ ബാങ്കിനും നിക്ഷേപങ്ങൾക്കും വായ്പകൾക്കുമുള്ള പലിശനിരക്ക് സ്വമേധയാ തീരുമാനിക്കാമെന്നാണ് റിസർവ് ബാങ്കിന്റെ സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. ബാങ്കുകളുടെ പ്രധാന ബിസിനസായി കാണുന്നത് നിക്ഷേപ സമാഹരണവും, വായ്പ നൽകലുമാണ്. ഇന്ന് ബാങ്കുകളിൽ നിക്ഷേപ സമാഹരണം കുറഞ്ഞുകൊണ്ടിരിക്കുകയും, വായ്പാ തുക വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായാണ് റിപ്പോർട്ടിൽ പറയുന്നത്.
ബാങ്കിംഗ് മേഖലയിലെ തൊഴിൽ ക്രമത്തിൽ വലിയ മാറ്റങ്ങൾ വരുന്നതായാണ് ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. പ്യൂൺ- ക്ളറിക്കൽ തസ്തികകൾ വർഷം കഴിയുമ്പോഴും കുറയുകയാണ്. പകരം ഓഫീസർമാരുടെ എണ്ണം കൂടുന്നു. 2010-11 സാമ്പത്തിക വർഷം ഓഫീസർമാരും, ക്ളാർക്ക്- പ്യൂൺ ഉൾപ്പെടെ സപ്പോർട്ടിംഗ് സ്റ്റാഫുമായുള്ള അനുപാതം 50: 50 ആയിരുന്നു. എന്നാൽ, 2022-23ൽ 74 ശതമാനം പേരും ഓഫീസർമാരാണ്. ശേഷിക്കുന്നത് 26 ശതമാനം സപ്പോർട്ടിംഗ് സ്റ്റാഫ് മാത്രം. സ്വകാര്യ മേഖലയിലാകട്ടെ, 95.6 ശതമാനം ബാങ്ക് ജീവനക്കാരും ഓഫീസർമാരാണ്! പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവാണ് ബാങ്കുകളിലെ തൊഴിലവസരങ്ങൾ കുറയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ക്ളറിക്കൽ തസ്തികയിൽ സ്ഥിരനിയമനം അവസാനിപ്പിക്കാനാണ് നീക്കം. നിലവിലുള്ള 35,000 ഒഴിവിൽ 8000 അപ്രന്റീസ് ട്രെയിനികളെ നിയോഗിക്കും. മൂന്നു വർഷത്തെ ട്രെയിനി നിയമനത്തിന് ബിരുദധാരികളിൽ നിന്ന് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 28 വയസുള്ളവരെയാണ് തൊഴിൽ പരിശീലനത്തിന്റെ പേരിൽ ക്ളാർക്ക് ജോലിക്ക് നിയോഗിക്കുക. ക്ളാർക്ക്, കാഷ്യർ, ടെല്ലർ ചുമതലകളെല്ലാം ഇവർക്കു കൈമാറും. നിലവിലെ നിരവധി ഒഴിവുകളിൽ നിയമനം നടത്തേണ്ടതില്ലെന്നാണ് ബാങ്കിന്റെ നയപരമായ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ സ്വകാര്യവത്കരണത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ നിരവധി ശാഖകൾ പൂട്ടുകയും, സർവീസിലുണ്ടായിരുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ക്ളറിക്കൽ തസ്തികയിൽ നിയമനം ഒഴിവാക്കുകയും ചെയ്തു. ഇതിനു പുറമേ 15,000-ത്തിൽപ്പരം ജീവനക്കാരെ സ്വയം വിരമിക്കൽ വഴി ഒഴിവാക്കുകയും ചെയ്തു. കൂടുതൽ ശാഖകൾ അടച്ചുപൂട്ടുന്നതിനായി സെയിൽസ് ഫോഴ്സ് രൂപീകരണം ത്വരിതപ്പെടുത്തി. സ്ഥിരം ജീവനക്കാരെ മാർക്കറ്റിംഗ് ജീവനക്കാരായി മാറ്റുന്നതിന് മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് രൂപീകരിക്കുകയും, കേരളത്തിൽ 1200 ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതായാണ് വാർത്ത.
എസ്.ബി.ഐയിൽ കേന്ദ്ര സർക്കാരിന് 56.92 ശതമാനം ഓഹരി മാത്രമാണ് ശേഷിക്കുന്നത്. പ്രവർത്തനങ്ങൾ 22 സബ്സിഡിയറി കമ്പനികളിലേക്കു മാറ്റി. എസ്.ബി.ഐക്ക് ഹോൾഡിംഗ് കമ്പനി പദവി മാത്രമായി. ഈ സബ്സിഡിയറി കമ്പനികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നത് വൻകിട കോർപ്പറേറ്റുകളാണ്. റിലയൻസുമായി ചേർന്ന് ആരംഭിച്ച ജിയോ പെയ്‌മെന്റ് ബാങ്കിൽ എസ്.ബി.ഐയുടെ ഓഹരി 30 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ളറിക്കൽ നിയമനം ഇല്ലാതാക്കിയതിലൂടെ കുറവുവരുന്ന ജീവനക്കാരുടെ ജോലികൾ പുറംകരാറാക്കിയിരിക്കുകയാണ്. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് എന്നൊരു സ്ഥാപനം തന്നെ രൂപീകരിച്ചു!
ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ വർദ്ധിക്കാൻ മുഖ്യകാരണം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കൂട്ടുചേർന്നുള്ള കൺസോർഷ്യം വായ്പയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ശതകോടികളുടെ വായ്പ ലഭിക്കുന്നതിന് വഴി തുറന്നുകൊടുക്കുകയായിരുന്നു ഇത്. ഈ വിധത്തിലുള്ള മിക്ക വായ്പകളും കിട്ടാക്കടമായി മാറുന്നു. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 35,000 കോടി രൂപയാണ് ദേവാൻ ഫിനാൻസ് ലിമിറ്റഡ് തട്ടിയെടുത്തത്. ഇതിൽ പതിനാലും പൊതുമേഖലാ ബാങ്കുകളായിരുന്നു! ഈ അടുത്ത കാലത്തായി, രാജ്യത്തെ അമ്പത് കോർപ്പറേറ്റ് മുതലാളിമാർ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് എടുത്ത 68,000 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയിരിക്കുകയാണ്.
കിട്ടാക്കടത്തിന്റെ പേരു പറഞ്ഞ് എഴുതിത്തള്ളുന്ന ശതകോടികൾ രാജ്യത്തിന്റെ പൊതുമുതലാണ്. അതായത്, ബാങ്കുകളിലെ ജനങ്ങളുടെ നിക്ഷേപം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 182 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇത് അപ്പാടെ വിഴുങ്ങാനുള്ള ശ്രമത്തിലാണ് കോർപ്പറേറ്റുകൾ. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും മുതലാളിത്ത വർഗവും ചേർന്നുള്ള
അവിശുദ്ധ കൂട്ടുകെട്ടായ 'ചങ്ങാത്ത മുതലാളിത്ത"ത്തിന്റെ (ക്രോണി ക്യാപിറ്റലിസം) ഭീകരതകളെക്കുറിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.