vi

വാമനപുരം: വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് അവഗണനയുടെ കഥയാണ്. കിടത്തി ചികിത്സയും പ്രസവവും പോസ്റ്റുമോർട്ടം വരെയുണ്ടായിരുന്ന ആശുപത്രിയിൽ ഇന്ന് ആവശ്യത്തിന് ഡോക്ടർമാർ പോലും ഇല്ല.

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നെല്ലനാട് പഞ്ചായത്തിന്റെയും വാമനപുരം പഞ്ചായത്തിന്റെയും അതിരിലാണ് ആശുപത്രിയുള്ളത്. ഇരുപഞ്ചായത്ത് പരിധിയിൽ നിന്നുമായി അഞ്ഞൂറോളം രോഗികൾ പ്രതിദിനം ഇവിടെ ചികിത്സ തേടിയെത്തുകയും ചെയ്യുന്നു. ഇത്രയും രോഗികളെ പരിശോധിക്കാൻ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ഡോക്ടർമാരെയുള്ളു.

മെഡിക്കൽ ഓഫീസർക്ക് ഓഫീസ് സംബന്ധമായ ജോലി കൂടിയുള്ളതിനാൽ മിക്കപ്പോഴും രോഗികളെ പരിശോധിക്കാൻ കഴിയാറില്ല. ശേഷിക്കുന്ന നാല് ഡോക്ടർമാരിൽ മൂന്ന് പേർ ഉച്ചവരെയും ഒരാൾ ഉച്ചയ്ക്ക് ഒരു മണി മുതൽ ആറ് വരെയും രോഗികളെ പരിശോധിക്കും. ഇതിൽ രണ്ട് ദിവസത്തിലൊരിക്കൽ ഡോക്ടർമാരിലൊരാൾ പ്രതിവാര അവധിയിലാവുന്നതിനാൽ ആ ദിവസങ്ങളിൾ മൂന്ന് ഡോക്ടർമാരെ ഉണ്ടാകൂ.


രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. സ്ഥല പരിമിധിയും മറ്റൊരു പ്രധാന പ്രശ്നമാണ്.

പ്രവർത്തിക്കാത്ത വാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും

ആറു കോടി ഇരുപത് ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ വാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഈ കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എന്നാൽ ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

പുതിയ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചെങ്കിലും പ്രവർത്തനമില്ല.

രാത്രിയിൽ രോഗികൾ എത്തുമെങ്കിലും വൈകിട്ട് 6 മണി കഴിഞ്ഞാൽ ഡോക്ടർമാർ ഇല്ല.

ബുദ്ധിമുട്ട്

സംസ്ഥാന പാതയിൽ നിന്നും ആശുപത്രിയിലേക്കുള്ള റോഡ് നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ രോഗികൾ ആശുപത്രിയിലെത്താനും ബുദ്ധിമുട്ടുന്നു.