മുടപുരം: പെരുങ്ങുഴി- മടയ്ക്കൽ- നേരുകടവ്- കോളം റോഡ് തകർന്ന് യാത്രക്ക് ബുദ്ധിമുട്ടായിട്ടും അധികൃതർ റീ ടാർ ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
ഇരുപത്തിമൂന്ന് വർഷം മുൻപ് 2000ൽ നബാർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് ടാർ ചെയ്തത്. കാലപ്പഴക്കത്താൽ റോഡിന്റെ പലഭാഗങ്ങളിലും ടാറും മെറ്റലുമിളകി തകർന്നതിനാൽ വാഹന കാൽനടയാത്ര ദുഷ്കരമാക്കി.
റോഡിന്റെ ഇരുവശങ്ങളിലും ചെടികളും മരങ്ങളും വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നതിനാൽ ടാറിട്ട ഭാഗത്തുകൂടി കാറുകൾക്ക് പോലും പോകാനാകാത്ത സ്ഥിതിയിലാണ്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ഇവിടം വൃത്തിയാക്കുമായിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ നിർദേശമുള്ളതിനാൽ ഒരു വർഷമായി തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന റോഡ്
അഴൂർ ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലാണ് പെരുങ്ങുഴി -മടയ്ക്കൽ- നേരുകടവ് റോഡ് സ്ഥിതിചെയ്യുന്നത്. പെരുങ്ങുഴി ജംഗ്ഷനിൽ നിന്ന് പെരുങ്ങുഴി കടവിലേക്ക് പോകുന്ന റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഇടഞ്ഞുംമൂല ഭാഗത്ത് റെയിൽവേ ലൈനിൽ എത്തിച്ചേരുന്നു. ഒട്ടേറെ ആരാധനാലയങ്ങളും ഈ റോഡരുകിലുണ്ട്.
കായൽ ടൂറിസം സാദ്ധ്യത
പ്രകൃതി രമണീയമായ കഠിനംകുളം കായലിനു അരികിലൂടെയാണ് റോഡ് പോകുന്നത്. മനോഹരമായ കായൽ പരപ്പും വള്ളങ്ങളും ബോട്ടുകളും കയർ വ്യവസായത്തിനായി പച്ചത്തൊണ്ട് അഴുക്കാനായി താഴ്ത്തുന്ന വട്ടവും ഇതിലൂടെ യാത്രചെയ്യുന്നവർക്ക് കാണാനാകും.
അതിനാൽ ഈ റോഡ് വീട്ടി കൂട്ടി റീ ടാർചെയ്താൽ കായൽ ടൂറിസം വികസനത്തിന് സഹായകമാകും.
പുതിയ പാലം വരുന്നു
ഈ റോഡ് അവസാനിക്കുന്ന ഇടഞ്ഞുംമൂല ഭാഗത്ത് കായലിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടി ജോലികൾ അവസാനഘട്ടത്തിലാണ്. പാലം വന്നാൽ ഈ റോഡ് നാട്ടുകാർക്ക് വലിയ യാത്ര സൗകര്യം ഒരുക്കും. അതിനാൽ റോഡ് വീതികൂട്ടി ടാർ ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.