സൂപ്പർഹിറ്റായ ഗുരുവായൂരമ്പല നടയ്ക്കുശേഷം പൃഥ്വിരാജും സംവിധായകൻ വിപിൻദാസും ഒരുമിക്കുന്നു. സന്തോഷ് ട്രോഫി എന്ന് പേരിട്ട ചിത്രം ഫാമിലി ഡ്രാമ ഗണത്തിൽപ്പെടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കാനാണ് തീരുമാനം. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലയത്ത് ബുദ്ധയുടെ 30 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.
വിലയത്ത് ബുദ്ധയുടെ ചിത്രീകരണം പൂർത്തിയാക്കിയശേഷം സന്തോഷ് ട്രോഫിയിൽ പൃഥ്വിരാജ് ജോയിൻ ചെയ്യും. സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ജോലികളും പൃഥ്വിരാജിന് പൂർത്തിക്കാനുണ്ട്. ഗുരുവായൂരമ്പലനടയുടെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഫഹദ് ഫാസിൽ, എസ്.ജെ സൂര്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രവും വിപിൻ ദാസ് സംവിധാനം ചെയ്യുന്നുണ്ട്. ഫഹദ് ഫാസിൽ ചിത്രത്തിന് മുമ്പ് സന്തോഷ് ട്രോഫി സംവിധാനം ചെയ്യാനാണ് വിപിൻ ദാസിന്റെ തീരുമാനം. അതേസമയം വിപിൻദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത വാഴ വൻവിജയത്തിലേക്ക് കുതിക്കുകയാണ്.
മറ്റൊരു സംവിധായകനുവേണ്ടി വിപിൻദാസ് തിരക്കഥ ഒരുക്കുന്നതും ആദ്യമാണ്. ഹാട്രിക് വിജയത്തിലാണ് വിപിൻദാസ.് ജയജയ ജയ ജയഹേ, ഗുരുവായൂരമ്പലനടയിൽ, വാഴ, എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായിരുന്നു. ഗോകുൽ സുരേഷ്, നായകനായ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. ഒ.ടി.ടിയിൽ സ്ട്രീം ചെയ്ത അന്താക്ഷരിയാണ് മറ്റൊരുചിത്രം. വാഴ 2 ന്റെ രചനയിലാണ് വിപിൻദാസ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വിപിൻദാസ് കഴിഞ്ഞദിവസം നടത്തുകയും ചെയ്തു. വാഴയിൽ അഭിനയിച്ച ഹാഷിറും ടീമുമാണ് രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.