medical

തിരുവനന്തപുരം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം,സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലവും വർദ്ധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും പുതിയ രീതികളിലൂടെ സാധിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കമാണ് അന്യൂറിസം. ഇതിന് രോഗികളുടെ ഹൃദയം നിറുത്തിവച്ച ശേഷം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെ ഹൃദയം നിറുത്തി വയ്ക്കാതെ മിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്താം. ഇത് അപകട സാദ്ധ്യതയും കുറയും.

കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലുള്ള വീക്കമായ സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസത്തിന് മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കും. കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. മഞ്ജുഷ.എൻ.പിള്ള,ഡോ.വീണ വാസുദേവ്,ഡോ.ദിനേശ് കുമാർ,ഡോ.നൗഫൽ,ഡോ. നിതീഷ്,ഡോ. വിനീത എന്നിവരുടെ സംഘമാണ് നേട്ടത്തിന് പിന്നിൽ.