lottery

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ഓൺലൈൻ പങ്കാളികളെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ വ്യാജ ആപ്ലിക്കേഷനുകളും സോഷ്യൽമീഡിയ പേജുകളും നീക്കിത്തുടങ്ങി. വ്യാജന്മാരെ കണ്ടെത്തിയ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി.

തട്ടിപ്പ് പൊതുസമൂഹം തിരിച്ചറിഞ്ഞതോടെ കേരള ഭാഗ്യകുറി കൂടുതൽ കരുത്താർജ്ജിച്ചു. കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിലുള്ള ആപ്ലിക്കേഷനുകൾ ഇന്നലെ മുതൽ പ്ലേസ്റ്റോറിലില്ല. പേപ്പർ രൂപത്തിൽ മാത്രമുള്ള കേരള ഭാഗ്യക്കുറിയുടെ ഓൺലൈൻ പതിപ്പെന്ന പേരിൽ വ്യാജ ടിക്കറ്റ് വില്പനനടക്കുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ വ്യാജ ലോട്ടറി ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഭാഗ്യക്കുറി ഡയറക്ടർ എബ്രഹാം റെൻ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തെ തിങ്കളാഴ്ച വിവരം അറിയിച്ചു. 24മണിക്കൂർ നീണ്ട സൈബർ പെട്രോളിംഗിലൂടെ 60വ്യാജ ആപ്പുകളും 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20വെബ് സൈറ്റുകളും കണ്ടെത്തി. ഉടൻ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് നൽകിയെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കർ ഗൂഗിളിന്റെ ഇന്ത്യ നോഡൽ ഓഫീസറെ ബന്ധപ്പെട്ട് ഗൗരവം വിശദീകരിച്ചു. പിന്നാലെ ഇന്നലെ ഉച്ചയോടെ 25വ്യാജ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതായി ഗൂഗിൾ മറുപടി നൽകി. വിശദമായി പരിശോധിച്ച് തുടർനടപടികളെടുക്കാമെന്നും ഗൂഗിൾ അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ 10ലക്ഷത്തിലധികം പേർ വ്യാജആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു.

വിദേശ മലയാളി ബുദ്ധി

ഓൺലൈൻ ലോട്ടറി തട്ടിപ്പിനു പിന്നിൽ മലയാളികളെന്നാണ് പ്രാഥമിക വിവരം.വിദേശരാജ്യങ്ങളിലിരുന്നാണ് സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്.

ആപ്ലിക്കേഷനുകളും സോഷ്യൽമീഡിയ പേജുകളും ആരംഭിക്കാൻ തട്ടിപ്പുകാർ നൽകിയ വിവരങ്ങൾ (കെ.വൈ.സി) ശേഖരിക്കുന്നു. ഗൂഗിളും മെറ്റയും വിവരങ്ങൾ കൈമാറിയാലുടൻ സൈബർ ഓപ്പറേഷൻസ് വിഭാഗം തുടർനടപടിയെടുക്കും.

വ്യാജ ലോട്ടറി വില്പന നടത്തിയ ആപ്ലിക്കേഷനുകളാണ് ഗൂഗിൾ നീക്കം ചെയ്തത്. ലോട്ടറിയുടെ ഫലം പ്രസിദ്ധീകരിക്കുന്ന ആപ്ലിക്കേഷനുകളുൾപ്പെടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

-ഹരിശങ്കർ

എസ്.പി സൈബർ ഓപ്പറേഷൻസ്