ശിവഗിരി: ശിവഗിരിമഠം ശാഖാ സ്ഥാപനമായ മധുര ശ്രീനാരായണ ഗുരു ശാന്തലിംഗ മഠത്തിൽ ഗുരുദേവജയന്തി ആഘോഷിച്ചു. മഠത്തിന്റെയും ഗുരുധർമ്മപ്രചാരണസഭയുടെയും ആഭിമുഖ്യത്തിൽ നടന്ന ആഘോഷം ദൈവനിധികഴകം പ്രസിഡന്റ് സ്വാമി ശിവാനന്ദ സുന്ദരാനന്ദ ഉദ്ഘാടനം ചെയ്തു. ആശ്രമം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അദ്ധ്യക്ഷത വഹിച്ചു. റോമിൽ ശിവഗിരിമഠം സംഘടിപ്പിക്കുന്ന സർവമതസമ്മേളന ശതാബ്ദിയുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ പോപ്പിനെ ക്ഷണിക്കാൻ പോയി മടങ്ങിയെത്തിയ സ്വാമി വീരേശ്വരാനന്ദയെ ജി.ഡി.പി.എസ് തമിഴ്നാട് പ്രസിഡന്റ് അഡ്വ. ഇളങ്കോ,മധുര ജില്ലാ പ്രസിഡന്റ് അറുമുഖം എന്നിവർ സ്വീകരിച്ചു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി പ്രസംഗമത്സരവും വിജയികൾക്ക് സമ്മാന വിതരണവും നടന്നു.